Breaking News

എസ്എസ്എൽസി പരീക്ഷ മാർച്ച് ഒൻപത് മുതൽ; പ്ലസ്ടു മാർച്ച് 10 മുതൽ



തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് ഒന്‍പത് മുതല്‍ 29 വരെ നടക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. മാതൃക പരീക്ഷകള്‍ ഫെബ്രുവരി 27ന് ആരംഭിച്ച് മാര്‍ച്ച് മൂന്നിന് അവസാനിക്കും. നാലര ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. മൂല്യനിര്‍ണ്ണയം ഏപ്രില്‍ മൂന്നിന് ആരംഭിക്കുകയും ഫലം മെയ് പത്തിനുള്ളില്‍ പ്രഖ്യാപിക്കുകയും ചെയ്യും. 70 മൂല്യനിര്‍ണയ ക്യാമ്പുകളാണ് ഉണ്ടാവുക.ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ മാര്‍ച്ച് 10ന് ആരംഭിച്ച് 30ന് അവസാനിക്കുമെന്നും മന്ത്രി അറിയിച്ചു. ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി മാതൃകാ പരീക്ഷകള്‍ ഫെബ്രുവരി 27ന് ആരംഭിച്ച് മാര്‍ച്ച് മൂന്നിന് അവസാനിക്കും. രണ്ടാം വര്‍ഷ ഹയര്‍ സെക്കണ്ടറി പ്രായോഗിക പരീക്ഷകള്‍ ഫെബ്രുവരി ഒന്നിനും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പ്രായോഗിക പരീക്ഷകള്‍ ജനുവരി 25നും ആരംഭിക്കും.

രണ്ടാം വര്‍ഷ ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി മൂല്യനിര്‍ണ്ണയം ഏപ്രില്‍ മൂന്നിന് ആരംഭിച്ച് പരീക്ഷാഫലം മെയ് 25നകം പ്രഖ്യാപിക്കും. ഹയര്‍ സെക്കണ്ടറിയ്ക്ക് 82 മൂല്യനിര്‍ണയ ക്യാമ്പുകളാണ് ഉണ്ടാവുക. ഇരുപത്തിനാലായിരത്തോളം അധ്യാപകര്‍ മൂല്യനിര്‍ണ്ണയത്തില്‍ പങ്കെടുക്കും. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിയില്‍ എട്ടു മൂല്യനിര്‍ണ്ണയ ക്യാമ്പുകള്‍ ഉണ്ടാവും. അതില്‍ മൂവായിരത്തി അഞ്ഞൂറ് അധ്യാപകര്‍ മൂല്യനിര്‍ണ്ണയ ക്യാമ്പുകളില്‍ പങ്കെടുക്കുമെന്ന് മന്ത്രി അറിയിച്ചു.


No comments