Breaking News

'നേതാക്കളുടെ ബന്ധുക്കളുടെ അവകാശമല്ല ജോലി, അർഹതപ്പെട്ടവർക്ക് നൽകിയില്ലെന്ന വികാരം ജനങ്ങളിലുണ്ടാക്കും'; സിപിഐഎം രേഖ


തിരുവനന്തപുരം: സ്ഥാനങ്ങള്‍ നേടിയെടുക്കാനുള്ള ആര്‍ത്തിയില്‍ നിന്നും സഖാക്കളെ മോചിപ്പിക്കണമെന്ന് നിര്‍ദേശിച്ച് സിപിഐഎം സംസ്ഥാന കമ്മറ്റി അംഗീകരിച്ച രേഖ. പാര്‍ട്ടിയിലെ തെറ്റായ പ്രവണതകള്‍ക്കെതിരെ താക്കീതുമായാണ് രേഖ. ഭരണം ലഭിച്ചതോടെ കിട്ടാവുന്നതെല്ലാം നേടിയെടുക്കണമെന്ന മനോഭാവം പാര്‍ട്ടിയില്‍ വേരുറപ്പിക്കുകയാണെന്നും രേഖയില്‍ പറയുന്നു. ഡിസംബര്‍ 21, 22 തിയ്യതികളില്‍ നടന്ന സിപിഐഎമ്മിന്റെ സംസ്ഥാന കമ്മറ്റി അംഗീകരിച്ച രേഖയിലാണ് ഈ പ്രവണതകളെ വിശകലനം ചെയ്തിരിക്കുന്നത്. പാര്‍ട്ടി നേതാക്കളുടെ ബന്ധുക്കള്‍ക്ക് വാങ്ങിക്കൊടുക്കുന്നത് അവകാശമല്ല. അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കേണ്ട തൊഴില്‍ നേതാക്കള്‍ തട്ടിയെടുത്തതെന്ന വികാരമാണ് ഇത്തരം പ്രവര്‍ത്തികള്‍ മൂലമുണ്ടാകുന്നത്. ഇത് പാര്‍ട്ടിയും ജനങ്ങളും തമ്മിലുള്ള അകല്‍ച്ചയ്ക്ക് ഇടയാക്കുന്നതായും രേഖയില്‍ പറയുന്നു.

യഥാര്‍ത്ഥത്തില്‍ സംരക്ഷണം കിട്ടേണ്ടവര്‍ക്ക് അത് ലഭിക്കാതെ പോകുകയാണ്. അതിന്റെ നിരാശകള്‍ പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെന്നും രേഖയില്‍ പറയുന്നുണ്ട്. പാര്‍ട്ടിയില്‍ കുറച്ചുകാലം പ്രവര്‍ത്തിച്ചു കഴിഞ്ഞാല്‍ തൊഴില്‍ നല്‍കുക എന്നത് പാര്‍ട്ടിയുടെ ഉത്തരവാദിത്തമായി കരുതുന്നവരുണ്ട്. ഇത്തരം പ്രവണതകള്‍ അവസാനിപ്പിച്ചാണ് പുതുതലമുറയിലെ കേഡര്‍മാരെ ഘടകങ്ങള്‍ വളര്‍ത്തിയെടുക്കേണ്ടതെന്നും സിപിഐഎം രേഖയില്‍ പറയുന്നു.


No comments