Breaking News

നീലേശ്വരം–എടത്തോട് റോഡ് കരാറുകാരനെ ഒഴിവാക്കി; പ്രവൃത്തി 
വേഗത്തിൽ പൂർത്തിയാക്കും


വെള്ളരിക്കുണ്ട് : നീലേശ്വരം–- ഇടത്തോട് റോഡ് പ്രവൃത്തി കാരണമില്ലാതെ വെകിപ്പിച്ച്‌ ജനങ്ങളെ ദുരിതത്തിലാക്കിയ കരാറുകാനെ ഒഴിവാക്കാൻ കേരള റോഡ് ഫണ്ട് ബോർഡ് യോഗം തീരുമാനിച്ചു. ബോർഡ് പ്രോജക്ട് ഡയറക്ടറുടെ ഓഫീസിൽ എം രാജഗോപാലൻ എംഎൽഎയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. 42.10 കോടി രൂപയുടെ റോഡ് നിർമാണമാണ്‌ കരാറുകാരന്റെ അനാസ്ഥയിൽ അനിശ്ചിതത്വത്തിലായത്‌. 12.776 കിലോമീറ്റർ റോഡ് നിർമാണ പ്രവൃത്തിക്കായി 2019 മാർച്ച് എട്ടിന് കരാറുകാരന് കൈമാറി. 18 മാസം കാലാവധി നിശ്ചയിച്ച പ്രവൃത്തിക്ക് മൂന്നുതവണസമയം ദീർഘിപ്പിച്ചുനൽകിയെങ്കിലും പ്രവൃത്തിയുടെ 38 ശതമാനം മാത്രമേ പൂർത്തീകരിച്ചുള്ളൂ. ഇതെത്തുടർന്നാണ്‌ കരാറുകാരനെ ഒഴിവാക്കാൻ തീരുമാനിച്ചത്‌.
നീലേശ്വരം താലൂക്കാശുപത്രിമുതൽ ബെവ്കോ വരെയും ചോയ്യങ്കോട് ടൗണിലെ 0.81 കിലോമീറ്റർ ഭാഗവും അടിയന്തരമായി ഗതാഗതയോഗ്യമാക്കും. ഇതിനുള്ള തുക കരാറുകാരനിൽനിന്ന്‌ ഈടാക്കും. ബാക്കി പ്രവൃത്തികൾക്ക് ബാലൻസ് എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിക്കാൻ കെആർഎഫ്ബി കാസർകോട് എക്സിക്യൂട്ടീവ് എൻജിനീയർക്ക് നിർദേശം നൽകി. പ്രോജക്ട് ഡയറക്ടർ റോഡ് ഒരാഴ്ചക്കകം സന്ദർശിക്കും

കാറ്റാംകവലയിൽ സംരക്ഷണ 
ഭിത്തി പുനർനിർമിക്കും

കോളിച്ചാൽ –-ചെറുപുഴ മലയോര ഹൈവേയിൽ കാറ്റാംകവലയിൽ തകർന്നുപോയ പാർശ്വസംരക്ഷണഭിത്തി പുനർനിർമിക്കും. റോഡിൽ അപകടസാധ്യതയുള്ള കാറ്റാംകവല വളവ്, വനഭൂമിയോട് ചേർന്ന ഭാഗം, ഈട്ടിത്തട്ട് എന്നിവിടങ്ങളിലെ അപാകതകൾ പരിശോധിച്ച് ആവശ്യമായ പരിഹാരമുണ്ടാക്കും. ഇവിടെ പ്രവൃത്തി പൂർത്തീകരിക്കാൻ ബാക്കിയുള്ള വനഭൂമിയില്‍ കോൺക്രീറ്റ് റോഡ് ചെയ്യാനുള്ള സാധ്യത ആരായും.
കോൺക്രീറ്റ് ചെയ്യുന്നതിനായി അധിക പ്രവൃത്തിവരും എന്നുള്ളതിനാൽ പ്രസ്തുത പ്രവർത്തിക്ക് 2018ലെ നിരക്ക് അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് യുഎൽസി പ്രതിനിധികൾ ആവശ്യപ്പെട്ടു. യോഗത്തിൽ ബോർഡ് പ്രോജക്ട് ഡയറക്ടർ ഡാർലിൻ കാർമലിറ്റ ഡിക്രൂസ്, എക്സിക്യൂട്ടീവ് എൻജിനീയർമാരായ ഇന്ദുശ്രീ, എ പ്രദീപ്കുമാർ തുടങ്ങിയവർ പങ്കെടുത്തു.




No comments