Breaking News

ഇന്ത്യൻ വോളി താരം എയ്ഞ്ചൽ ജോസഫ് എടത്തോടെ മാതൃ വിദ്യാലയത്തിലെത്തി; കുഞ്ഞുനാളിൽ കൈപിടിച്ചുയർത്തിയ പ്രിയ ഗുരുനാഥനെ കാണാൻ


പരപ്പ: ഈ വർഷം മെയ് അവസാനവാരം സർവീസിൽ നിന്നും വിരമിക്കുന്ന തന്റെ പ്രിയ അധ്യാപകൻ നാരായണൻ മാഷിനെ കാണാൻ  ഇന്ത്യൻ വോളി താരം  എയ്ഞ്ചൽ ജോസഫ് എടത്തോട് എസ്.വി.എം. ഗവ: യു പി സ്കൂളിൽ എത്തി. ഇന്ത്യൻ വോളി ടീമിന്റെ നെടുങ്കോട്ട കാക്കുന്ന സെന്റർ ബ്ലോക്കറെ

വിദ്യാർത്ഥികൾ  സ്നേഹോപഹാരം നൽകി സ്വീകരിച്ചു. ഒരു മണിക്കൂർ സമയം വിദ്യാർത്ഥികളുമായി സംവദിച്ച എയ്ഞ്ചൽ  കായിക രംഗത്തെ തന്റെ അനുഭവങ്ങളും നേട്ടങ്ങളും അവരുമായി പങ്കുവെച്ചു. കായികരംഗത്തേക്ക് കടന്നുവരുന്ന കുട്ടികൾക്ക് സർക്കാരും പൊതു വിദ്യാലയങ്ങളും നല്ല പിന്തുണയാണ് നൽകുന്നതെന്ന് വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് ഉത്തരമായി താരം പ്രതികരിച്ചു. പ്രൈമറി ക്ലാസ്സിൽ പഠിക്കുന്ന സമയത്ത്  നാരായണൻ മാഷ് പകർന്നു നൽകിയ ആത്മവിശ്വാസവും പിന്തുണയുമാണ് തന്നെ ഈ നിലയിലേക്ക് ഉയർത്തിയതെന്ന് താരം പ്രതികരിച്ചു. രണ്ടാം തരത്തിൽ പഠിക്കുന്ന സമയത്ത് സ്റ്റാൻഡിംഗ് ബ്രോഡ് ജംപിൽ പങ്കെടുക്കാൻ പാഞ്ഞപ്പോൾ കാലൊടിയുമെന്ന് പറഞ്ഞ് നിഷ്കളങ്കതയോടെ പിൻമാറിയതും മാഷിന്റെ പിന്തുണയോടെ സധൈര്യം മത്സരിച്ചതും സമ്മാനം നേടിയതുമെല്ലാംതാരം ഓർത്തെടുത്തു. അന്ന് കിട്ടിയ ആത്മവിശ്വാസവും കരുതലുമാണ് തന്റെ പ്രതിഭയെ പിൽക്കാലത്ത് പുറത്തെത്തിച്ചതെന്ന് ചോദ്യത്തിനുത്തരമായി എയ്ഞ്ചൽ സൂചിപ്പിച്ചു. കാലു പൊട്ടുമെന്ന് ഭയന്ന് അന്ന് എയ്ഞ്ചൽ പിൻമാറിയിരുന്നെങ്കിൽ ഇന്ത്യൻ വോളിബോൾ  കാലുറപ്പും ചങ്കുറപ്പുമുള്ള ഒരു സെന്റർ ബ്ലോക്കറെ കിട്ടില്ലായിരുന്നുവെന്ന് അധ്യാപകനും ഓർത്തെടുത്തു. ഇന്ത്യൻ റെയിൽവെയിൽ സീനിയർ ക്ലർക്കായ എയ്ഞ്ചൽ നായ്ക്കയം തട്ടിലെ മിനി -- ജോസഫ് ദമ്പതികളുടെ രണ്ടു മക്കളിൽ ഇളയവളാണ്.

No comments