കിനാനൂർ കരിന്തളം മഴപ്പൊലിമയ്ക്കായി വടക്കേപുലിയന്നൂർ പാടശേഖരം ഒരുങ്ങി
കരിന്തളം: മഴപ്പൊലിമ 2023 -കാർഷിക പുനരാവിഷ്കരണ ക്യാമ്പെയ്ൻ ജൂലൈ 9 ന് പുലിയന്നൂർ പാടശേഖരത്തിൽ നടത്തും. ചെറുപ്പക്കോട് അമ്പലം പരിസരത്തുനിന്നും രാവിലെ 10 മണിക്ക് വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ ഘോഷയാത്ര ആരംഭിക്കും.തുടർന്ന് കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.പി.ശാന്തയുടെ അദ്ധ്യക്ഷതയിൽ കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.രവി പരിപാടി ഉദ്ഘാടനം ചെയ്യും.ഉദ്ഘാടനത്തോടനുബന്ധിച്ച് പഞ്ചായത്തിലെ മികച്ച നെല്ല് കർഷകൻ,ക്ഷീരകർഷൻ,
സംയോജിത കർഷകൻ,കുട്ടിക്കർഷകൻ,എസ്.സി/എസ്.ടി വിഭാഗംകർഷകൻ,യുവകർഷകൻ,കർഷകതൊഴിലാളി,സ്ത്രീകർഷക,കുടുംബശ്രീ സംരംഭക എന്നിവരെയും,അരങ്ങ്-2023 കുടുംബശ്രീ കലോത്സവം സംസ്ഥാനതല മത്സരാർത്ഥികളെയും ജില്ലാപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ശകുന്തള ആദരിക്കും.ചടങ്ങിൽ കുടുംബശ്രീ ജില്ലാമിഷൻ കോ-ഓർഡിനേറ്റർ ടി.ടി.സുരേന്ദ്രൻ മുഖ്യാതിഥി ആകും.പഞ്ചായത്തിലെ 396 കുടുംബശ്രീ യൂണിറ്റുകളെയും 330 ജെ.എൽ.ജി യൂണിറ്റുകളെയും പ്രതിനിധീകരിച്ച് 2000 കുടുംബശ്രീ അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുക്കും. ഉഴുതിട്ട വയലിൽ നാടൻപാട്ട്, വടംവലി,
നാട്ടിപ്പാട്ട്,കോൽക്കളി,കൈകൊട്ടിക്കളി,പൂരക്കളി,ഒപ്പന,ആലാമിക്കളി,മംഗലംകളി,തിരുവാതിര, നാടൻപാട്ട്,സിനിമാറ്റിക്,ഓട്ടമത്സരം,ഞാറുനടീൽ,ഞാറുപൊരിക്കൽ,തൊപ്പിക്കളി എന്നീ മത്സരങ്ങൾ നടത്തും. വൈകിട്ട് 4 മണിക്ക് സി.ഡി.എസ് ചെയർപേഴ്സൺ ഉഷരാജുവിന്റെ അദ്ധ്യക്ഷതയിൽ പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി സമാപനസമ്മേളനം ഉദ്ഘാടനവും, സമ്മാനദാനവുംനിർവ്വഹിക്കും. മഴപ്പൊലിമയുടെ ഭാഗമായി 15 ഏക്കർ സ്ഥലം കൃഷിയോഗ്യമാക്കും.
No comments