Breaking News

"അരിക്കൊമ്പൻ ആരാധന അതിര് കടക്കുന്നുവോ..?" മലയോരംഫ്ലാഷ് 'എഴുത്തിടം' പംക്തിയിൽ ഇന്ന് വെള്ളരിക്കുണ്ട് പാത്തിക്കരയിലെ സയനോര ക്രിസ്റ്റീന സോജി എഴുതിയ ലേഖനം


വെള്ളരിക്കുണ്ട്: വിദ്യാർത്ഥികളുടെ നൂതന ആശയങ്ങളേയും എഴുത്തിനെയും വായനക്കാരിലേക്ക് എത്തിക്കുന്ന മലയോരംഫ്ലാഷ് 'എഴുത്തിടം' പംക്തിയിൽ ഇന്ന് അരിക്കൊമ്പൻ്റെ കാണാപ്പുറങ്ങളെക്കുറിച്ച് വെള്ളരിക്കുണ്ട് പാത്തിക്കരയിലെ പത്താംതരം വിദ്യാർത്ഥിനി സയനോര ക്രിസ്റ്റീന സോജി എഴുതിയ ലേഖനമാണ് പ്രസിദ്ധീകരിക്കുന്നത്.

സമീപകാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നാണ് അരിക്കൊമ്പൻ വിഷയം. ഈ വിഷയത്തെ മുൻനിർത്തി 2023ലെ ഓസ്കാർ അവാർഡ് നേടിയ 'എലിഫൻ്റ് വിസ്പേർസ്' എന്ന ഡോക്യുമെൻ്ററിയുടെ പശ്ചാത്തലത്തിൽ വിവരിക്കുകയാണ് എഴുത്തുകാരി.

ലേഖനത്തിൻ്റെ പൂർണ്ണരൂപം വായിക്കാം:

"അരിക്കൊമ്പൻ ആരാധന അതിരുകടക്കുന്നുവോ?"

"ഈ വർഷത്തെ ബെസ്റ്റ് ഡോക്യുമെന്ററി അവാർഡ് നേടിയ ഇന്ത്യയിൽ ഷൂട്ട് ചെയ്ത "The Elephant Whispers" എന്ന ഡോക്യുമെന്ററിയിൽ ഒരു ആനക്കുട്ടിക്ക് വേണ്ടി തന്റെ ജീവിതം മാറ്റിവച്ച ബൊമ്മൻ, ബെല്ലി എന്നീ ആദിവാസി ദമ്പതികളാണ് പ്രധാന കഥാപാത്രങ്ങൾ. ഇത് മനുഷ്യന് മൃഗങ്ങളോടുള്ള സമീപനത്തിന്റെ ഒരു വശം.


       1916 ൽ ഒരു സർക്കസ് ക്യാമ്പിലെ മേരി എന്ന് പേരുള്ള ആനയെ തന്റെ പരിശീലകനെ കൊന്നു എന്ന കുറ്റം കൊണ്ട്, തൂക്കി കൊന്നു. ഇത് മനുഷ്യന് മൃഗങ്ങളോടുള്ള സമീപനത്തിന്റെ മറ്റൊരു വശം.


        ഇവ രണ്ടുമായി ബന്ധപ്പെടുത്തി നമുക്ക് അരിക്കൊമ്പൻ വിഷയത്തെക്കുറിച്ച് ചിന്തിക്കാം. ശരിക്കും അരിക്കൊമ്പനാണോ പ്രശ്നക്കാരൻ? അതോ നമ്മൾ മനുഷ്യരോ? കാടും മൃഗങ്ങളും മനുഷ്യരും പരസ്പരം ആശ്രയിച്ച് ജീവിക്കുന്നതാണ് സന്തുലിതമായ ഒരു ആവാസ്ഥ വ്യവസ്ഥ. പക്ഷേ എന്താണ് ചിന്നക്കനാലിൽ സംഭവിച്ചത്.


     2002 - 2003 കാലഘട്ടത്തിൽ ഏ.കെ ആന്റണി സർക്കാർ ഇടുക്കി ജില്ലയിലെ സിങ്കുഗുണ്ടം എന്ന പ്രാദേശം ജനവാസ മേഖലയാക്കാൻ തീരുമാനിച്ചു. അപ്പോൾ അന്നത്തെ മൂന്നാർ ഡി. ഫ്. ഓ. ആയിരുന്ന പ്രകൃതി ശ്രീ വാസ്തവ, ഈ നടപടി ഉചിതമല്ല എന്ന് സർക്കാരിന് റിപ്പോർട്ട് നൽകി. പക്ഷേ സർക്കാർ ഈ റിപ്പോർട്ട്‌ അവഗണിക്കുകയും അവിടെ കോളനികൾ സ്ഥാപിക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു. ഈ കോളനികൾ 301 കോളനികൾ എന്ന് അറിയപ്പെടുന്നു. എന്നാൽ ഇവിടം മുപ്പത്തോളം ആനകളുടെ വിഹാര കേന്ദ്രമായിരുന്നു. അവിടെയുള്ള മനുഷ്യരുടെ ദൈനംദിന ജീവിതത്തെ ഇത് പ്രതികൂലമായി ബാധിച്ചു. ആനയുടെ ആക്രമണം നിമിത്തം പലരും അവിടം വിട്ടു പോയി. ഇപ്പോൾ ഏതാണ്ട് പതിമൂന്ന് കുടുംബങ്ങൾ മാത്രമാണ് അവിടെ താമസിക്കുന്നത്.


       അരിക്കൊമ്പൻ അരങ്ങുവാണിരുണ ഈ പ്രദേശം ഒരു ആനത്താരയായിരുന്നു. അവിടെയുള്ള മനുഷ്യരെ ആനയുടെ ആക്രമണത്തിൽ നിന്നും രക്ഷിക്കാൻ കൈക്കൊള്ളേണ്ടിയിരുന്ന ശരിയായ മാർഗ്ഗം, അവരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിപ്പാർപ്പിക്കുക എന്നതതായിരുന്നു. പക്ഷേ അധികൃതർ ലക്ഷങ്ങൾ ചിലവിട്ട് അരിക്കൊമ്പനെ മറ്റൊരു സ്ഥലത്തേക്ക് മാറ്റുകയാണ് ചെയ്തത്.


     മയക്കുവെടികളെയും കുങ്കിയനാകളെയും ഒരു ഘട്ടം വരെ പ്രതിരോധിച്ചു നിന്ന അരിക്കൊമ്പന് ഈ നടപടി മൂലം ജനങ്ങളുടെ ഇടയിൽ ഒരു ഹീറോ പരിവേഷം ലഭിക്കുകയും പലരും പ്രശസ്തിക്കുവേണ്ടി ഈ വിഷയത്തെ ദുരുപയോഗം ചെയ്യുകയും ചെയ്തു. ആനയെ മാറ്റിപ്പാർപ്പിക്കൽ കോടതിയുടെ വിഷയമല്ല എന്ന് കോടതിക്ക് പോലും പറയേണ്ട അവസ്ഥ വന്നു. അരിക്കൊമ്പന്റെ ആരോഗ്യരക്ഷക്ക് വേണ്ടി പിരിവ് നടത്തി പണവുമായി മുങ്ങിയ വിരുതൻമാർ വരെയുണ്ട്.


വനത്തെയും വന്യമൃഗങ്ങളെയും സംരക്ഷിക്കേണ്ടതും, പരിസ്ഥിതിയെ സ്നേഹിക്കേണ്ടതും കുറച്ച് പരിസ്ഥിതി വാദികളുടെ മാത്രം കടമയല്ല, നാമോരോരുത്തരുടെയും കൂടിയാണ്. പ്രകടനവും പ്രസംഗങ്ങളും നടത്തി പ്രശസ്തി വർദ്ധിപ്പിക്കാൻ ശ്രമിക്കാതെ, വനഭൂമി അളന്നു തിട്ടപ്പെടുത്തി വൈദ്യുതവേലി കെട്ടിത്തിരിച്ച് അതിനുള്ളിൽ വന്യമൃഗങ്ങൾക്ക് ആവശ്യമുള്ള ഭക്ഷണവും വെള്ളവും ഉറപ്പ് വരുത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് സർക്കാരിനെ പ്രേരിപ്പിക്കലാണ് ഒരു യഥാർത്ഥ പരിസ്ഥിതിവാദി ചെയ്യേണ്ടത്. കാട് വളരട്ടെ ഒപ്പം നാടും.


 എഴുത്ത്: 

സയനോര ക്രിസ്റ്റീന സോജി പാത്തിക്കര, വെള്ളരിക്കുണ്ട്

എസ്.എസ്.എൽ.സി. സ്റ്റുഡന്റ് 

Lcc എഡ്യൂക്കേഷൻ വെള്ളരിക്കുണ്ട്

No comments