Breaking News

അധികൃതരുടെ അവഗണന ; നശിക്കുന്നത് 100 കൊല്ലം പഴക്കമുള്ള ഇരിയയിലെ ബ്രിട്ടീഷ്‌ ബംഗ്ലാവ്


രാജപുരം : പോയകാലം തുടിക്കുന്നുണ്ടെങ്കിലും അന്നത്തെ പ്രതാപങ്ങളൊന്നും ഇരിയയിലെ ബ്രിട്ടീഷ്‌ ബംഗ്ലാവിനിപ്പോഴില്ല. പേരിൽമാത്രം തലയെടുപ്പുള്ള പായലും പൂപ്പലും നിറഞ്ഞ, പൊട്ടിപ്പൊളിഞ്ഞ, മേൽക്കൂരയില്ലാത്ത ബംഗ്ലാവിന്‌ 100 വയസ്‌ തികഞ്ഞു. 1923ൽ അന്നത്തെ ബ്രീട്ടിഷ് സർക്കാർ പണി കഴിപ്പിച്ച കെട്ടിടമാണിത്‌. ജന്മികളിൽനിന്നും ചുങ്കം പിരിക്കാനെത്തിയ ബ്രിട്ടീഷുകാർക്ക്‌ താമസിക്കാനും കർണാടകത്തിലേക്ക്‌ പോകുന്നവർക്ക്‌ വിശ്രമിക്കാനുമായിരുന്നു നിർമാണം. ഇവർ യാത്ര ചെയ്യാനുപയോഗിച്ച കുതിരകളെ പാർപ്പിക്കാനുള്ള കുതിരചാവടി (കുതിരാലയം)യും പാതി തകർന്നനിലയിൽ സമീപത്തുണ്ട്‌. ഇരിയ ടൗണിൽനിന്നും ഒരുകിലോമീറ്റർ അകലെ കാഞ്ഞങ്ങാട്–--പാണത്തൂർ സംസ്ഥാന പാതയ്ക്കരികിലായാണ്‌ കെട്ടിടം. ചെത്തുകല്ലിൽ നിർമിച്ച കെട്ടിടത്തോട്‌ ചേർന്ന്‌ ശൗചാലയവും കിണറുമുണ്ട്‌. രണ്ട്‌ മുറികളാണ്‌ കുതിരാലയത്തിൽ. ഒന്ന് കുതിരകൾക്ക് താമസിക്കാനും, മറ്റൊന്നു ഭക്ഷണമുണ്ടാക്കാനും. കാലപ്പഴക്കത്താൽ മേൽക്കൂര പൂർണമായും തകർന്നു. അടുത്തകാലംവരെ റവന്യൂ അധികൃതർ സ്ഥലത്തെ കശുമാവുകൾ പാട്ടത്തിന് നൽകിയിരുന്നു.
ഇരിയയിലെ 
ആദ്യ സ്‌കൂൾ
റവന്യുവകുപ്പിന്‌ കീഴിലെ സ്ഥലവും കെട്ടിടവും നശിക്കുന്നുവെന്ന പരാതിയെതുടർന്ന് രണ്ടുവർഷംമുമ്പ് പൂല്ലൂർ വില്ലേജ് ഓഫീസ് അധികൃതർ സ്ഥലം അളന്ന്‌ തിട്ടപ്പെടുത്തിയിരുന്നു. രേഖയിൽ പറയുന്ന 91 സെന്റ് സ്ഥലം കൃത്യമായി ഉള്ളതായി കണ്ടെത്തി. 70 വർഷംമുമ്പ് കല്ലളൻ വൈദ്യൻ എംഎൽഎ സർക്കാറിൽ സമ്മർദം ചെലുത്തി സ്ഥാപിച്ച ഇരിയ സ്‌കൂൾ ആദ്യം ആരംഭിച്ചതും ഇവിടെ. കെദിലായ എന്ന ഡോക്ടർ ഇവിടെ താമസിപ്പിച്ച് നാട്ടുകാർക്ക് ചികിത്സയും നൽകി. വഴിയാത്രക്കാർക്ക്‌ തലയിലുള്ള ചുമടുവയ്‌ക്കാൻ കൃഷ്ണൻ ശിൽപി നിർമിച്ച ചുമടുതാങ്ങിയും ഇവിടെയുണ്ട്‌. ബംഗ്ലാവ് മ്യൂസിയമാക്കണമെന്നാവശ്യപ്പെട്ട് നിരവധിതവണ നാട്ടുകാർ സർക്കാറിന് നിവേദനം നൽകിയിട്ടുണ്ട്.


No comments