മഴമാറിയിട്ടും വിതരണം ചെയ്യാനാവാതെ രാജപുരം കൃഷിഭവനിൽ തെങ്ങിൻതൈ കെട്ടിക്കിടക്കുന്നു
രാജപുരം : മഴമാറിയിട്ടും കൃഷിഭവനിൽ തെങ്ങിൻതൈ കെട്ടിക്കിടക്കുന്നു. കർഷകർക്ക് നൽകാനാവാത്ത തൈകളുടെ പണം കൃഷി ഓഫീസർമാർ അടയ്ക്കണം. മലയോരത്തെ കൃഷിഭവനുകളിൽ ആയിരത്തിലധികം തൈകൾ ഇറക്കിയെങ്കിലും പകുതിപോലും വിതരണം ചെയ്യാനായിട്ടില്ലെന്ന് കൃഷി ഓഫീസർമാർ പറഞ്ഞു. ബാക്കിവരുന്ന തൈകളുടെ തുക കൃഷി ഓഫീസർമാർ കൈയിൽനിന്നും എടുത്തടയ്ക്കണം. പല കൃഷി ഓഫീസർമാരും വലിയതുകയാണ് അടയ്ക്കേണ്ടി വന്നത്.
37,000 സങ്കരയിനം തെങ്ങിൻ തൈകളും, 29,375 നാടൻ തൈകളും, 200 കുള്ളനുമുൾപ്പെടെ 66,575 തെങ്ങിൻ തൈകളാണ് സംസ്ഥാന നാളികേര വികസന കൗൺസിൽ ഇത്തവണ വിതരണത്തിനായി ജില്ലയിലെത്തിച്ചത്. ഇതിൽ നാലിലൊന്നുപോലും വിറ്റുപോയിട്ടില്ല.
ദീർഘകാല വിളകളോടുള്ള താൽപ്പര്യക്കുറവും തേങ്ങയുടെ വിലയിടിവുമാണ് കാരണം.
കർഷകർക്ക് സബ്സിഡി നിരക്കിൽ വിതരണം ചെയ്യുന്നതിനായി എത്തിച്ച നാടൻ, ഹൈബ്രിഡ് തെങ്ങും തൈകളാണ് കൃഷിഭവനിൽ ആവശ്യക്കാരില്ലാതെ കരിഞ്ഞുണങ്ങുന്നത്. നാടൻ ഇനത്തിന് 100 രൂപയും സങ്കരയിനത്തിന് 250 രൂപയുമാണ് വില. 50 ശതമാനം സബ്സിഡി നിരക്കിൽ കർഷകർക്ക് വിതരണം ചെയ്യുന്നതിനാണ് തൈ എത്തിച്ചത്.
No comments