Breaking News

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ഇനി ഡിജിറ്റൽ യുദ്ധം

                                          
സംസ്ഥാനം തിരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങിയതോടെ ഡിജിറ്റൽ യുദ്ധത്തിനൊരുങ്ങി രാഷ്ട്രീയ പാർട്ടികൾ. നിയമസഭാ ഉപതിരഞ്ഞെടുപ്പും തദ്ദേശ തിരഞ്ഞെടുപ്പും അടുത്തിരിക്കെയാണ് പ്രചാരണം കൊഴുപ്പിക്കാൻ സാമൂഹിക മാധ്യമങ്ങളെ ഉപയോഗിക്കുന്നത്. കൊവിഡ് ഭീഷണിയുള്ളതിനാൽ വീടുകൾ കയറിയും കവലയിലെ പ്രചാരണങ്ങളൊന്നും സാധ്യമല്ല.
വെർച്വൽ റാലി സംഘടിപ്പിച്ചും ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ കളം നിറച്ചുമാണ് പ്രചാരണം കൊഴുപ്പിക്കാൻ രാഷ്ട്രീയ പാർട്ടികൾ ഒരുങ്ങുന്നത്. ഫേസ്ബുക്ക്, ട്വിറ്റർ, വാട്‌സ് ആപ്പ്, ഇൻസ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി ഉപയോഗിക്കുന്നത്.
വികസന പ്രവർത്തനങ്ങളും പ്രാദേശിക പ്രശ്‌നങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ മനം കവരാൻ വേണ്ടി മുഖ്യധാരാ പാർട്ടികളെല്ലാം തന്ത്രങ്ങൾ മെനഞ്ഞ് തുടങ്ങിയിട്ടുണ്ട്. വികസന പ്രവർത്തനങ്ങൾ പ്രചാരണം നടത്തുന്നതിന് പുറമേ എതിരാളികളെ ട്രോൾ ചെയ്യാനുള്ള ടീമിനെയും സജ്ജമാക്കിയിട്ടുണ്ട്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനോടൊപ്പം തിരഞ്ഞെടുപ്പിലും ശ്രദ്ധ ചെലുത്താൻ അണികൾക്ക് മുഖ്യധാരാ പാർട്ടികൾ നിർദേശം നൽകിയിട്ടുണ്ട്.

സി പി എമ്മിൽ ബ്രാഞ്ച് സെക്രട്ടറി മുതൽ സംസ്ഥാന ഭാരവാഹികള്‍ വരെ നവമാധ്യമങ്ങൾ ഉപയോഗിക്കാനുള്ള പരിശീലനം നൽകി കഴിഞ്ഞു. 20 വീടുകൾക്ക് ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പ് സൃഷ്ടിക്കണമെന്നാണ് പാർട്ടി നിർദേശം. ഇതിൽ പാർട്ടി പ്രവർത്തകർക്ക് പുറമേ നിഷ്പക്ഷരേയും ഉൾപ്പെടുത്തണം. എല്ലാ ജില്ലകളിലും ജില്ലാ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് സ്റ്റുഡിയോ സജ്ജമായിട്ടുണ്ട്.


ബൂത്ത് തലം വരെയുള്ള സി പി എമ്മിന്റെ നവ മാധ്യമ സമിതികൾ ശക്തമാണ്. ബ്രാഞ്ച്, ജില്ലാ സംസ്ഥാന കമ്മിറ്റികൾ യോഗം ചേരുന്നത് ഓൺലൈൻ വഴിയാണ്. കൊവിഡ് കാലം തുടങ്ങിയതിന് ശേഷം അറുപത് ശതമാനത്തിലധികം നേതാക്കളും സാമൂഹിക മാധ്യമങ്ങളിൽ സജീവമായെന്നാണ് പാർട്ടി വിലയിരുത്തൽ.
കോൺഗ്രസിന്റെ ഐ ടി സെല്ലിനെ നിയന്ത്രിക്കുന്നത് ശശി തരൂർ എം പി യും അനിൽ ആന്റണിയുമാണ്. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ഐ ടി സെൽ പുനഃസംഘടിപ്പിക്കാനും ബൂത്ത് തലം വരെയുള്ള കമ്മിറ്റികൾ ഉണ്ടാക്കാനുമാണ് ആദ്യ ഘട്ടത്തിൽ ശ്രമം നടക്കുന്നത്.

കെ പി സി സിയുടെ നേതൃത്വത്തിൽ വെബിനാർ സീരിസുകളും നടക്കുന്നുണ്ട്. വാട്‌സ് ആപ്പും ടെലിഗ്രാമും താഴെക്കിടയിൽ എത്തിക്കണമെന്ന നിർദേശവും നൽകിയിട്ടുണ്ട്.

ജില്ലാ തലങ്ങളിൽ നവ മാധ്യമ ക്യാമ്പുകളും സംഘടിപ്പിക്കുന്നുണ്ട്. കോൺഗ്രസിന്റെ നേതാക്കളെല്ലാം നവ മാധ്യമങ്ങളിൽ സജീവമാണ്. ഓൺ ലൈൻ പ്ലാറ്റ് ഫോമുകൾ കൈകാര്യം ചെയ്യുന്നതിനായി മുതിർന്ന നേതാക്കൾക്കൊപ്പം നല്ലൊരു ടീം തന്നെ പ്രവർത്തിക്കുന്നുണ്ട്.

ബി ജെ പിയും ഓൺലൈൻ പ്രവർത്തനങ്ങളിൽ സജീവമാണ്. ബൂത്ത് മുതൽ മണ്ഡലം വരെയുള്ള വാട്‌സ് ആപ്പ്, ഫേസ്ബുക്ക് ഗ്രൂപ്പുകൾ തുടങ്ങുകയും ചെയ്തു. വെർച്വൽ റാലിക്കും തുടക്കം കുറിച്ചിട്ടുണ്ട്. സംസ്ഥാന തലങ്ങളിലും ജില്ലാ കേന്ദ്രങ്ങളിലും വെർച്വൽ റാലി സംഘിടിപ്പിച്ചിട്ടുണ്ട്. സംസ്ഥാന തലത്തിൽ 15 പേരും ഓരോ ജില്ലയിലും ഏഴ് പേർ വീതവുമാണ് ബി ജെ പിയുടെ ഐ ടി സെല്ലിനെ നിയന്ത്രിക്കുന്നത്.




No comments