Breaking News

കനത്ത മഴയും റെഡ് അലേർട്ടും; മലയോരത്തെ ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിലൂടെ യാത്ര ഒഴിവാക്കാൻ നിർദ്ദേശം



മാലോം: ജില്ലയിലെ മലനാട് പ്രദേശങ്ങളിൽ ദിവസങ്ങളായി കനത്ത മഴ തുടരുകയാണ്. ഇതിനിടെയാണ് ഇനിയും മഴ ശക്തമായി തുടരുക തന്നെ ചെയ്യും എന്ന് സൂചന നൽകി കാസറഗോഡ് ഉൾപ്പെടെയുള്ള വടക്കൻ ജില്ലകളിൽ ഇന്ന് ഉച്ചക്ക് റെഡ് അലേർട്ട് പ്രഖ്യാപിച്ചതും. മലയോര നിവാസികളുടെ ആശങ്ക ഉയർത്തി മാലോം മേഖലയിൽ മഴ തുടരുന്നു. ഇവിടുത്തെ തോടുകളും, അരുവികളും നിറഞ്ഞൊഴുകുകയാണ്.

കഴിഞ്ഞ ആഴ്ചയാണ് കനത്ത മഴയിൽ മാലോം നമ്പ്യാർമലയിൽ ഉരുൾപൊട്ടലുണ്ടായത്. ആളപായം ഉണ്ടായില്ലെങ്കിലും ജനങ്ങൾക്ക് ആശങ്കയേറി. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മലനാട് മേഖലയിലൂടെയുള്ള രാത്രിയാത്ര ഒഴിവാക്കാനും, മലകളിൽ നിന്നും ഒഴുകി എത്തുന്ന അരുവികളുടെ സമീപം വാഹനങ്ങൾ നിരുത്തരുത് എന്നും ജാഗ്രത നിർദ്ദേശമുണ്ട്.

മലനാടിന്റെ പ്രധാന റോഡായ ചെറുപുഴ - കോളിച്ചാൽ ഹിൽഹൈവേയിൽ പണി നടക്കുന്നതിനാൽ വാഹനങ്ങൾ മറ്റ് ചെറു റോഡുകളിലൂടെയാണ് മാലോം മേഖലയിലെ മലനിരകൾ കടന്ന് പോകുന്നത് എന്നതുകൊണ്ട് യാത്രക്കാർ ജാഗ്രത പാലിക്കണം. ഇത്തരത്തിലുള്ള കപ്പള്ളി - മരുതോം - പാടി റോഡിലും, പറമ്പ - ചട്ടമല റോഡിലും കൊന്നക്കാട്- കോട്ടൻഞ്ചേരി - പുളിങ്ങോം റോഡിലും, തുടങ്ങി എല്ലാ മലയോര റോഡുകളിലും കല്ല് വീഴ്ച, മണ്ണിടിച്ചിൽ, ഉരുളപൊട്ടൽ തുടങ്ങിയവക്ക് സാധ്യത നിലനിൽക്കുന്നു. ഇതു വഴി യാത്രക്കാർ ജാഗ്രത പാലിക്കണം

No comments