Breaking News

കാസർഗോഡ് കഞ്ചാവ് ലഹരിയിൽ യുവാവിൻറെ പരാക്രമം; പോലീസ് വാഹനത്തിൻ്റെ മുകളിൽ കയറി നൃത്തം


കാസര്‍കോട് കഞ്ചാവ് ലഹരിയില്‍ യുവാവിന്‍റെ പരാക്രമം. പൊലീസ് വാഹനത്തിനും മെഡിക്കലെടുക്കാന്‍ കൊണ്ടുപോയ ആശുപത്രിയിലും കേടുപാടുകള്‍ വരുത്തി. ഉദുമ സ്വദേശി അബ്ദുല്‍ നാസറാണ് പൊലീസ് പിടിയിലായത്.

വെളളിയാഴ്ച പുലര്‍ച്ചെ ഉദുമയിലെ താജ് ഹോട്ടലില്‍ അതിക്രമിച്ചു കയറി. സുരക്ഷാ ജീവനക്കാരനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. പരാക്രമത്തിന് ശേഷം ഹോട്ടലില്‍നിന്ന് രക്ഷപ്പെട്ട നാസറിനെ സി സി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് വീട്ടില്‍നിന്ന് പിടികൂടി. തുടര്‍ന്ന് മെഡിക്കല്‍ എടുക്കാന്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചപ്പോഴായിരുന്നു പരാക്രമം

പൊലീസ് വാഹനത്തിൽ കയറി ബീക്കണ്‍ ലൈറ്റുകൾ തകർക്കുകയും ഗ്ലാസ് ചില്ലുകൾ കയ്യിലേന്തി നൃത്തം ചവിട്ടുകയും ചെയ്തു. ലഹരിവിമുക്ത കേന്ദ്രത്തിലെ വാതിലും ജനലും, കാസർകോട് ജനറൽ ആശുപത്രിയിലെ ശുചിമുറിയിലെ ബക്കറ്റുകൾ എന്നിവയും അടിച്ചുതകർത്തു. പിന്നീട് സാഹസികമായാണ് പ്രതിയെ ബേക്കൽ പൊലീസ് സ്റ്റേഷനിലെത്തിച്ചത്.

ആയുധം കൈവശം വയ്ക്കല്‍, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ലഹരിമരുന്ന് കേസുകളിലെ സ്ഥിരം കുറ്റവാളിയാണ് പ്രതിയെന്നാണ് പൊലീസ് പറയുന്നത്. 2018ലും തോക്കുപയോഗിച്ചതിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

No comments