Breaking News

വായ്‌പയ്‌ക്കുള്ള ഈടായി ഇനി 'സ്വമിത്വ'; ഭൂസ്വത്ത്‌ കാര്‍ഡ്‌ പദ്ധതിക്ക്‌ പ്രധാനമന്ത്രി തുടക്കമിട്ടു


ഗ്രാമീണ ഇന്ത്യയുടെ പരിവര്‍ത്തനത്തിനുള്ള ചരിത്രപരമായ യത്നമെന്ന പ്രഖ്യാപനത്തോടെ "സ്വമിത്വ" എന്ന പേരില്‍ ഭൂസ്വത്ത്‌ കാര്‍ഡ്‌ പദ്ധതിക്കു പ്രധാനമന്ത്രി നരേന്ദ്ര മോഡി തുടക്കമിട്ടു. ബാങ്കുകളില്‍നിന്നും മറ്റു ധനകാര്യ സ്‌ഥാപനങ്ങളിലും വായ്‌പയ്‌ക്കുള്ള ഈടായി ഈ കാര്‍ഡുകള്‍ ഉപയോഗിക്കാം.

കൈവശഭൂമിക്ക്‌ നിയമപരമായ രേഖകളില്ലാത്ത ആയിരക്കണക്കിനു ഗ്രാമീണ കര്‍ഷകര്‍ക്കു തുണയാകുന്ന പദ്ധതിയാണ്‌ ഇത്‌. കര്‍ഷകര്‍ക്കു സ്വന്തം മൊബൈല്‍ ഫോണിലേക്ക്‌ അയച്ചുകിട്ടുന്ന എസ്‌.എം.എസ്‌. ലിങ്ക്‌ ഉപയോഗിച്ച്‌ ഭൂസ്വത്ത്‌ കാര്‍ഡ്‌ ഡൗണ്‍ലോഡ്‌ ചെയ്യാം. കാര്‍ഡുകള്‍ പിന്നീട്‌ സംസ്‌ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ മുഖേന കൈപ്പറ്റാം.

ഇന്ത്യന്‍ ജനതയുടെ മൂന്നിലൊന്നും വസിക്കുന്നതു ഗ്രാമങ്ങളിലാണ്‌. ഭൂമിയും വീടുമുണ്ടെങ്കിലും കൃത്യമായ രേഖകളില്ലാത്തതിനാലുള്ള പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും പരിഹരിക്കാന്‍ ഇതുപകരിക്കും. തുടക്കത്തില്‍ ഉത്തര്‍ പ്രദേശ്‌ (346), ഹരിയാന (221), മഹാരാഷ്‌ട്ര (100), മധ്യപ്രദേശ്‌ (44), ഉത്തരാഖണ്ഡ്‌ (50), കര്‍ണാടക (2) സംസ്‌ഥാനങ്ങളിലായി 763 ഗ്രാമങ്ങളിലെ ഒരു ലക്ഷം കര്‍ഷകര്‍ക്ക്‌ കാര്‍ഡുകള്‍ ലഭ്യമാക്കും.

അടുത്ത നാലു വര്‍ഷം കൊണ്ട്‌ ഡ്രോണ്‍ സാങ്കേതികവിദ്യ ഉപയോഗിച്ച്‌ ആറു ലക്ഷത്തില്‍പ്പരം ഗ്രാമങ്ങളിലെ ഭൂമിയുടെ രൂപരേഖ തയാറാക്കും. തുടര്‍ന്ന്‌ ഇവിടങ്ങളിലെ കര്‍ഷകര്‍ക്കും സ്വമിത്വ കാര്‍ഡ്‌ ലഭ്യമാക്കുമെന്നു പ്രധാനമന്ത്രി പറഞ്ഞു. ആധാര്‍ കാര്‍ഡ്‌ മാതൃകയില്‍ സവിശേഷ തിരിച്ചറിയല്‍ നമ്പറുള്ള കാര്‍ഡുകളാകും ലഭിക്കുക. രാജ്യവികസനത്തിന്‌ ഭൂവുടമാവകാശം വലിയ പങ്കു വഹിക്കുമെന്നാണു വിദഗ്‌ധരുടെ അഭിപ്രായം. സ്വയംപര്യാപ്‌ത ഭാരതം എന്ന വലിയ ലക്ഷ്യത്തിലേക്കുള്ള ഒരു ചുവടുവയ്‌പു കൂടിയാകും ഇതെന്നു പ്രധാനമന്ത്രി പറഞ്ഞു.

No comments