Breaking News

വലിയവളപ്പ് ചാമുണ്ഡിയമ്മ വിത്തെറിഞ്ഞു; തിമിരി വയലിൽ കാർഷിക പൈതൃകത്തിൻ്റെ ചിലമ്പൊലി ഉണർന്നു


 ചെറുവത്തൂർ : ചേറിനെ ചന്ദനം പോലെ മെയ്യിലണിഞ്ഞ പൂർവ്വസൂരികളുടെ ഓർമ്മയിൽ, നന്മയുടെ നെൽവിത്ത് വിതച്ച് വടക്കേ മലബാറിലാദ്യമായി തെയ്യാട്ടക്കാവുണർന്നു, ഒപ്പം മണ്ണിന്റെയും മനുഷ്യന്റെയും കനവുകളും. തുലാം പിറന്ന ഞായറാഴ്ച വാളും പരിചയുമേന്തി വലിയവളപ്പിൽ ചാമുണ്ഡി വയലിലേക്കിറങ്ങി നൂറുമേനി വിളയാൻ വിത്തുവിതച്ചു. ഇനി കർഷകർക്ക് വയലിൽ കൃഷിപ്പണിക്കാലം.
തിമിരി കൊട്ടുമ്പുറം വലിയവളപ്പിൽ ചാമുണ്ഡി ദേവസ്ഥാനത്തോടനുബന്ധിച്ച് വയലിലാണ് പഴമ തെറ്റാതെ വിത്തുവിതയ്ക്കൽ ചടങ്ങ് നടന്നത്. കാസർകോട് ജില്ലയിൽ കോവിഡ് കാലത്ത് നിയന്ത്രണങ്ങളോടെ തെയ്യംകെട്ടിന് അനുമതി നൽകിയ സാഹചര്യത്തിലാണ് നിബന്ധനകൾ പാലിച്ചുകൊണ്ട് വലിയവളപ്പിൽ ചാമുണ്ഡി കെട്ടിയാടിയത്. തെയ്യം കെട്ടി ഉറഞ്ഞ് കൈവിളക്കിന്റെയും വാദ്യത്തിന്റെയും അകമ്പടിയോടെ വയലിലേക്കാണു യാത്ര വയലിൽ വിത്തുവിതച്ച ശേഷമാണ് കർഷകർ കൃഷിയിറക്കുക.
പഴമക്കാർ കൈമാറിയ ആചാരം പതിവുതെറ്റിക്കാതെ ഇന്നും നിലനിർത്തിപ്പോരുന്നു. വയലേലകളിൽ ഐശ്വര്യവും സമൃദ്ധിയും വിതറി കൃഷി സംരക്ഷിക്കുമെന്നാണ് വിശ്വാസം.വിതയ്ക്കുന്ന തെയ്യങ്ങളുടെ കെട്ടിയാട്ടം കഴിഞ്ഞെത്തുന്ന നാളുകളിലാണ് കാവുകൾ ഉണരുന്ന പത്താമുദയം. താഴേക്കാട്ടുമനയുടെ അധീനതയിലായിരുന്നു പണ്ട് ഏക്കറുകളോളം പരന്നുകിടക്കുന്ന തിമിരി പ്രദേശം. വിശാലമായ ഈ നെൽവയൽപ്രദേശം സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം വലിയവളപ്പിൽ ചാമുണ്ഡിക്കായിരുന്നുവെന്നാണ് നാട്ടുനടപ്പ്. ശുഭപ്രതീക്ഷയോടെ തിമിരി വയലിലെ പ്രത്യേകം തയ്യാറാക്കിയ പാടത്താണ് ചടങ്ങുകൾ നടന്നത് വന്ന മാരി ഒഴിപ്പാനും വരുന്ന മാരി തുപ്പാനും കെൽപ്പുള്ളൊരു ശക്തി തന്നെയാണു ഞാനെന്ന മൊഴിയോടെ തന്റെ പൈതങ്ങൾക്കു അനുഗ്രഹം ചൊരിഞ്ഞ് തെയ്യം മുടിയെടുത്തു.

No comments