Breaking News

തിരിച്ച് വരുമോ കത്തുകളുടെ ആ കാലം... ഇന്ന് ലോക തപാല്‍ ദിനം


വിവര സാങ്കേതിക വിദ്യ ഇത്ര പുരോഗമിക്കാതിരുന്ന ഒരു കാലത്ത്പ്രിയപ്പെട്ടവരുടെ എഴുത്തുകള്‍ക്കായി പോസ്റ്റ് മാന്‍റെ വരവും കാത്തിരിക്കുന്നതിന്‍റെ ഓര്‍മ ഓരോരുത്തര്‍ക്കുമുണ്ടാവും. ഇന്ന് കത്തുകള്‍ മൊബൈല്‍ ഫോണുകള്‍ക്ക് വഴിമാറിയെങ്കിലും ആ തപാല്‍ക്കാലം ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മകളാണ്. ഇന്ന് ലോകമെങ്ങും തപാല്‍ദിനമായി ആചരിക്കുകയാണ്.

ലോകത്തിലെ ഏറ്റവും വലിയ വിതരണ ശൃംഖലയാണ് തപാല്‍ സംവിധാനം. ഇന്‍റര്‍നെറ്റിന്‍റെ ഈ കാലത്തു പോലും തപാല്‍ വകുപ്പ് എല്ലാ രാജ്യങ്ങളിലെയും പ്രാഥമികമായ ആശയവിനിമയ മാര്‍ഗ്ഗമാണ്. 1969 ല്‍ ജപ്പാനിലെ ടോക്യോവില്‍ നടന്ന യൂണിവേഴ്സല്‍ പോസ്റ്റല്‍ യൂണിയന്‍ (യു പി യു) സമ്മേളനത്തിലാണ് ഒക്ടോബര്‍ 9 ലോക തപാല്‍ ദിനമായി പ്രഖ്യാപിച്ചത്. ഇന്ത്യയില്‍ തപാല്‍ദിന വാരാഘോഷം ഒക്ടോബര്‍ 9 മുതല്‍ 14 വരെയാണ്.

നിത്യജീവിതത്തില്‍ തപാല്‍ സംവിധാനത്തിന്‍റെ പങ്കിനെ കുറിച്ചുളള അവബോധം വളര്‍ത്തുന്നതിനു വേണ്ടിയാണ് രാജ്യമെങ്ങും തപാല്‍ വാരാഘോഷം സംഘടിപ്പിക്കുന്നത്. തപാല്‍ ദിനത്തില്‍ മിക്ക രാജ്യങ്ങളിലും ശില്പശാലകളും സാംസ്കാരിക പരിപാടികളും സംഘടിപ്പിച്ചു വരുന്നു. സ്റ്റാമ്പ് പ്രദര്‍ശനങ്ങളും നടത്താറുണ്ട്.


ലോകത്തെ 192 രാജ്യങ്ങളാണ് യു പി യു വില്‍ അംഗങ്ങളായിട്ടുള്ളത്. യുനെസ്കോയുമായി സഹകരിച്ച് യു പി യു 38 കൊല്ലമായി യുവതലമുറയ്ക്കായി അന്തര്‍ദേശീയ കത്തെഴുത്ത് മത്സരം സംഘടിപ്പിച്ചു വരുന്നു. ഇതിനുള്ള സമ്മാനങ്ങള്‍ നല്‍കുന്നത് ഓരോ രാജ്യത്തും ലോക തപാല്‍ ദിനത്തിലാണ്.

No comments