കോവിഡ് കാലത്തെ സ്തുത്യര്‍ഹമായ സേവനത്തിന് 108 ആംബുലന്‍സ് ജീവനക്കാർക്ക് ജില്ലാ ഭരണകൂടത്തിൻ്റെ ആദരം
കാസർകോട് പുതിയ ബസ്സ്സ്റ്റാന്റ് പരിസരത്ത് നടന്ന ചടങ്ങില്‍ കളക്ടര്‍ ഡോ.ഡി. സജിത് ബാബു 108 ജീവനക്കാര്‍ക്ക് ജനമൈത്രി പൊലീസും ട്രൂ ലൈഫ് കെയറും ചേര്‍ന്ന് നല്‍കിയ ഉപഹാരം വിതരണം ചെയ്തു.
കോവിഡ് പ്രതിസന്ധികാലത്ത് വലിയ സേവനമാണ് 108 ആംബുലന്‍സുകള്‍ ചെയ്തതെന്നും കര്‍മ്മനിരതരായ എല്ലാ ജീവനക്കാരുടേയും സഹായ സഹകരണങ്ങള്‍ ഇനിയും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിസന്ധി ഘട്ടത്തില്‍ കൂട്ടായി പ്രവര്‍ത്തിച്ച ജനമൈത്രി പൊലീസിനേയും ട്രൂ ലൈഫ് കെയര്‍ പ്രവര്‍ത്തകരേയും കളക്ടര്‍ അഭിനന്ദിച്ചു.
കാര്‍കോട് ജില്ലയില്‍ 14 ആംബുലന്‍സുകളിലായി 62 108 ആംബുലന്‍സ് ജീവനക്കാരാണ് പ്രവര്‍ത്തിക്കുന്നത്. ഓരോരുത്തര്‍ക്കും ലഭിക്കുന്ന 30 മിനുറ്റ് എന്ന ഗോള്‍ഡന്‍ ടൈം എങ്ങിനെയെല്ലാം ഭംഗിയായി ഉപയോഗിക്കാമെന്ന് പ്രവര്‍ത്തനങ്ങളിലൂടെ കാണിച്ചു നല്‍കുന്നവര്‍.
ഓഗസ്ത് 13ന് ജില്ലയിലെ 108 ആംബുലന്‍സില്‍ കോവിഡ് ബാധിച്ച ഗര്‍ഭിണിയായ സ്ത്രീക്ക് സുഖ പ്രവസവം നടന്നിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തതിനെ തുടര്‍ന്ന് പൂര്‍ണ്ണ ഗര്‍ഭിണിയായ യുവതിയുമായി യാത്ര തിരിച്ച ആംബുലന്‍സിലായിരുന്നു പ്രസവം. ആംബുലന്‍സില്‍ ജോലിയിലിരുന്ന എമര്‍ജന്‍സി മാനേജ്‌മെന്റ് ടെക്‌നീഷ്യന്റെയും ഡ്രൈവറുടേയും സഹകരണത്തോടെ ദേശീയ പാതയോരത്ത് കോത്തായിമുക്കില്‍ പ്രസവം നടന്നു. ഈ പ്രവൃത്തിക്ക് ആരോഗ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പ്രശംസിച്ച മുഹൂര്‍ത്തങ്ങള്‍ ജീവനക്കാര്‍ പങ്കുവെച്ചു.
ചടങ്ങില്‍ ഡപ്യൂട്ടി ഡി.എം.ഒ ഡോ. മനോജ്, 108 ആംബുലന്‍സ് പ്രോഗ്രാം മാനേജര്‍ കെ.പി രമേശന്‍, ജനമൈത്രി പൊലീസ് കോ-ഓഡിനേറ്റര്‍മാരായ മാധു കാരക്കടവത്ത്, എച്ച്.ആര്‍. പ്രവീണ്‍കുമാര്‍, ട്രൂലൈഫ് കെയര്‍ കോ-ഓഡിനേറ്റര്‍ അബ്ദുള്‍ അസ്‌ക്കര്‍, 108 ആംബുലന്‍സ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
No comments