Breaking News

ബിഹാർ വിധി ഇന്ന്; കാതോർത്ത് രാജ്യം


പാറ്റ്ന | രാജ്യം ഉറ്റുനോക്കുന്ന ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഇന്ന്. 243 അംഗ നിയമസഭയിൽ 122 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും. ആദ്യ ട്രെന്‍ഡിംഗ് പത്ത് മണിയോടെ ലഭ്യമാകും. ഉച്ചയോടെ ബിഹാർ ആര് ഭരിക്കുമെന്നതിന്റെ കൃത്യമായ ചിത്രം വ്യക്തമാകും. സംസ്ഥാനത്തെ 38 ജില്ലകളിലായി 55 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് ഉള്ളത്.
ഓരോ മണ്ഡലത്തിലേയും ഫല സൂചനകള്‍ ലഭ്യമാക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിപുലമായ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. മൂന്ന് ഘട്ടങ്ങളിലായായിരുന്നു തിരഞ്ഞെടുപ്പ്. കൊവിഡ് പ്രതിസന്ധിക്കിടെ രാജ്യത്ത് നടന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്.

15 വർഷമായി സംസ്ഥാനം ഭരിക്കുന്ന നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എൻ ഡി എയും ആർ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകൻ തേജസ്വി യാദവ് നേതൃത്വം നൽകിയ മഹാസഖ്യവും തമ്മിലായിരുന്നു പ്രധാന പോരാട്ടം. കേന്ദ്രത്തിൽ ബി ജെ പിയെ പിന്തുണക്കുന്ന ചിരാഗ് പാസ്വാന്റെ നേതൃത്വത്തിലുള്ള എൽ ജെ പി, ജെ ഡി യു മത്സരിക്കുന്ന മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ നിർത്തിയിരുന്നു.


നിതീഷിന് നെഞ്ചിടിപ്പ്

ആർ ജെ ഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യം അധികാരത്തിലെത്തുമെന്നാണ് ഭൂരിഭാഗം എക്‌സിറ്റ് പോൾ ഫലങ്ങളും പറയുന്നത്. ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കുമെന്നും തൂക്കുസഭക്ക് സാധ്യതയുണ്ടെന്നും ചില ഫലങ്ങൾ വ്യക്തമാക്കുന്നു.

മഹാസഖ്യം വിജയിച്ചാൽ ദേശീയ രാഷ്ട്രീയത്തിൽ അത് വലിയ ചർച്ചകൾക്ക് വഴിവെക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ഭരണത്തിന്റെ വിലയിരുത്തൽ കൂടിയാകും ഫലം. മഹാസഖ്യം മുന്നേറിയാൽ ദേശീയതലത്തിൽ എൻ ഡി എക്കെതിരായ നീക്കങ്ങൾക്ക് അത് ഊർജം നൽകും.

ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടിയായിരുന്നു മഹാസഖ്യത്തിന്റെ പ്രചാരണം. തൊഴിലില്ലായ്മയും വിലക്കയറ്റവും നിരന്തരം ചർച്ച ചെയ്ത അവരുടെ റാലികളികളിൽ വൻ ജനപങ്കാളിത്തമാണുണ്ടായത്. അതേസമയം, പതിവുപോലെ രാമക്ഷേത്രം, പൗരത്വഭേദഗതി നിയമം, പുൽവാമ തുടങ്ങിയവയായിരുന്നു മോദി പ്രചാരണത്തിൽ ഊന്നിപ്പറഞ്ഞത്.



No comments