Breaking News

കോവിഡ് പരിശോധന വർദ്ധിപ്പിക്കാൻ ഊർജിത നടപടികളുമായി ആരോഗ്യവകുപ്പ്

കാസർഗോഡ്:ജില്ലയിൽ പ്രതിദിനം ഉണ്ടാകുന്ന കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ടെങ്കിലും രോഗ വ്യാപന സാധ്യത നിലനിൽക്കുന്ന തിനാൽ പ്രതിദിന പരിശോധനകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിന് ഊർജ്ജിത പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനായി ജില്ലാ മെഡിക്കൽ ഓഫീസിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി. ഈ തീരുമാനങ്ങൾ ജില്ലാ കോർ കമ്മിറ്റി യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ അവതരിപ്പിക്കുകയും യോഗം അത് അംഗീകരിക്കുകയും ചെയ്തു. വിവിധ വകുപ്പ് മേധാവികളോട് പ്രവർത്തനം വിജയിപ്പിക്കുന്നതിനാവശ്യമായ സഹകരണം നൽകാൻ .ജില്ലാ കളക്ടർ ഡോ ഡി സജിത് ബാബു നിർദ്ദേശിച്ചു.


ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രണ്ടാഴ്ചയിലധികമായി പത്തിൽ താഴെ നിലനിൽക്കുമ്പോഴും പ്രതിദിന ടെസ്റ്റുകളുടെ എണ്ണം 1500ൽ താഴെ മാത്രമാണ് നടക്കുന്നത് എന്നതിന്റെ പശ്ചാത്തലത്തിലാണ് ശരാശരി 3000 ടെസ്റ്റുകൾ പ്രതിദിനം നടത്തണമെന്ന തീരുമാനിച്ചത് ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങൾക്ക് പ്രതിദിന ടാർജെറ്റ് നിശ്ചയിച്ച് നൽകുകയും ലക്ഷ്യം കൈവരിക്കുന്നതിനായി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും ജില്ലാ മെഡിക്കൽ ഓഫീസർ നിർദേശം നൽകി.

ജില്ലയിലെ പ്രധാന ആരോഗ്യ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാനും നേതൃത്വം നൽകുന്നതിനും വിവിധ ജില്ലാതല ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെയ്തു. ഇത്തരത്തിൽ നിയമിക്കപ്പെട്ട നോഡൽ ഓഫീസർമാർ ആഴ്ചയിൽ ഒരു തവണ സ്ഥാപനങ്ങൾ സന്ദർശിക്കുകയും ലക്ഷ്യം കൈവരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ വിലയിരുത്തി ജില്ലാ മെഡിക്കൽ ഓഫീസർക്ക് റിപ്പോർട്ട് ചെയ്യുന്നതിനും തീരുമാനിച്ചു. നിലവിൽ ജില്ലയിൽ ആരോഗ്യ സ്ഥാപനങ്ങളിൽ ചികിത്സയ്ക്കെത്തുന്നവരിൽ പനി, ജലദോഷം, തൊണ്ടവേദന, തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവർ മുഴുവനായും കോവിഡ് പരിശോധനക്കു വിധേയരാകുന്നില്ല. ഇനിമുതൽ ഇത്തരം ലക്ഷണങ്ങളുമായി ഒ.പിയിൽ എത്തുന്ന മുഴുവൻ രോഗികളെയും നിർബന്ധമായും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കുന്നതാണ്. അതുപോലെ ചികിത്സയ്ക്കെത്തുന്ന മുഴുവൻ ഗർഭിണികളെയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കും. ഗവൺമെന്റ് ആശുപത്രികൾക്ക് പുറമേ സ്വകാര്യ ആശുപത്രികളിൽ ഒപിയിൽ എത്തുന്ന ലക്ഷണങ്ങൾ ഉള്ളവരെയും കിടപ്പ് രോഗികളെയും കൂട്ടിരിപ്പുകാരെയും സർജറിക്ക് വിധേയരാകുന്ന വരെയും കോവിഡ് പരിശോധന നടത്താൻ സ്വകാര്യ ആശുപത്രികൾക്കും നിർദേശം നൽകും.

ജില്ലയിലെ പട്ടികവർഗ്ഗ കോളനികളിൽ കോവിഡ് 19 വർധിച്ചുവരുന്ന സാഹചര്യത്തിൽ പട്ടികജാതി പട്ടികവർഗ്ഗ കോളനികളിൽ മൊബൈൽ ടീമുകളെ ഉപയോഗിച്ച് പരിശോധന സംഘടിപ്പിക്കും. സർക്കാർ ജീവനക്കാർ, മോട്ടോർ വാഹന തൊഴിലാളികൾ വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികൾ, ചുമട്ടുതൊഴിലാളികൾ, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ , അതിഥിതൊഴിലാളികൾ, തുറമുഖ തൊഴിലാളികൾ എന്നിങ്ങനെ സമൂഹത്തിലെ വിവിധ തലങ്ങളിലുള്ള വരെ രണ്ടാഴ്ചയിലൊരിക്കൽ മൊബൈൽ ക്യാമ്പുകളുടെ സഹായത്തോടെ ആന്റിജൻ പരിശോധന നടത്തും.

രോഗലക്ഷണങ്ങൾ ഇല്ലെങ്കിലും കോവിഡ് രോഗിയുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെടുന്ന മുഴുവൻപേരെയും പരിശോധനയ്ക്ക് വിധേയരാക്കു ന്നതാണ്

വിദേശത്തുനിന്നു ഇതരസംസ്ഥാനങ്ങളിൽ നിന്നും എത്തി നിരീക്ഷണത്തിൽ കഴിയുന്നവർ നിരീക്ഷണ കാലയളവ് പൂർത്തീകരിക്കുമ്പോൾ ടെസ്റ്റിന് വിധേയരാക്കുന്നതാണ്.

താലൂക്ക് ആശുപത്രികൾ, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ, എന്നിവിടങ്ങളിലെല്ലാം സ്ഥിരം പരിശോധനാ സൗകര്യങ്ങൾ ഒരുക്കിയതിനുപുറമേ 8 മൊബൈൽ യൂണിറ്റുകളും സജ്ജമാക്കിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ തെ രഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കപ്പെട്ടിട്ടില്ലെങ്കിൽ രോഗവ്യാപനത്തോത് വീണ്ടും ഉയരാൻ സാധ്യതയുണ്ടെന്ന പശ്ചാത്തലത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നതിനോടൊപ്പം രോഗലക്ഷണങ്ങൾ ഉള്ളവരും പൊതുസമൂഹവുമായി നിരന്തരം ബന്ധപ്പെടുന്നവരും പരിശോധനയ്ക്ക് വിധേയരാകണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം ) ഡോ എ വി രാംദാസ് അഭ്യർത്ഥിച്ചു.

No comments