പുതിയ ഡീസല്‍ ബസുകളില്ല, പകരം ഇലക്ട്രിക്-സി.എന്‍.ജി ബസുകളിറക്കാന്‍ കെ.എസ്.ആര്‍.ടി.സി.
നവീകരണഭാഗമായി 900 ഡീസൽബസ്സുകൾ വാങ്ങുന്നതിനുള്ള പദ്ധതി കെ.എസ്.ആർ.ടി.സി. ഉപേക്ഷിക്കുന്നു. ഇതിന് പകരമായി വൈദ്യുതി, സമ്മർദിത പ്രകൃതി വാതകം (സി.എൻ.ജി.) എന്നീ ഇന്ധനങ്ങൾ ഉപയോഗിക്കുന്ന ബസ്സുകൾ നിരത്തിലിറക്കും.ബസ് ബോഡി നിർമാണത്തിലെ തടസ്സങ്ങളും സാമ്പത്തികപ്രശ്നങ്ങളും മൂലമാണ് പുതിയ ഡീസൽ ബസ്സുകൾ വാങ്ങുന്നതിനുള്ള നടപടികളിൽനിന്ന് പിന്തിരിയുന്നതെന്ന് കെ.എസ്.ആർ.ടി.സി. മാനേജിങ് ഡയറക്ടറുടെ ഓഫീസ് അധികൃതർ പറഞ്ഞു.1,000 സി.എൻ.ജി. ബസ്സുകൾ വാങ്ങാൻ കിഫ്ബിയിൽനിന്ന് 300 കോടി അനുവദിക്കാൻ 2016-ൽ ഗതഗാതവകുപ്പ് തിരുമാനമെടുത്തിരുന്നു. സി.എൻ.ജി.പമ്പുകളുടെ ലഭ്യതക്കുറവ് അന്ന് ബസ് സർവീസിന് തടസ്സമായി ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും ഇത്തരം ബസ്സുകളിൽ ജീവനക്കാരുടെ അനുപാതം കുറക്കേണ്ടിവരുമെന്ന പ്രതിസന്ധിയും ഉയർന്നു.സംഘടനകളിൽനിന്നടക്കം എതിർപ്പുയരാനിടയുള്ളതടക്കമുള്ള തടസ്സം ചൂണ്ടിക്കാട്ടി കെ.എസ്.ആർ.ടി.സി. മാനേജിങ് ഡയറക്ടർ അന്ന് ഗതാഗതവകുപ്പിന് കത്ത് നൽകി. ഇതോടെയാണ് സി.എൻ.ജി.ക്ക് പകരം 900 ഡീസൽ ബസ്സുകൾ വാങ്ങുന്നതിന് 2017 ഓഗസ്റ്റിൽ അനുമതിയായത്.രണ്ടുവർഷം കഴിഞ്ഞിട്ടും ബസ്സുകൾ വാങ്ങുന്ന കാര്യത്തിൽ പുരോഗതിയുണ്ടായില്ല. ഇതിനിടെയാണ് വീണ്ടും സി.എൻ.ജി., വൈദ്യുതി ബസ്സുകൾ നിരത്തിലിറക്കുന്നതിന് കെ.എസ്.ആർ.ടി.സി. വീണ്ടും രംഗത്തിറങ്ങുന്നത്.
50 വൈദ്യുത ബസ്സുകളും 310 സി.എൻ.ജി. ബസ്സുകളും വരുന്നു
ഇന്ധനം വൈദ്യുതിയായ 50 ഫാസ്റ്റ് പാസഞ്ചർ ബസ്സുകളും സി.എൻ.ജി. ഉപയോഗിക്കുന്ന 310 സൂപ്പർഫാസ്റ്റ് ബസ്സുകളുമാണ് പുതുതായി നിരത്തിലിറക്കുക. ഒരു വൈദ്യുത ബസ്സിന് 1.5 കോടിയാണ് ചെലവ്. സി.എൻ.ജി. ബസ്സിന് 65 ലക്ഷവും. മൊത്തം 286.50 കോടി രൂപ. വൈദ്യുത ബസ്സുകൾക്കുവേണ്ട 75 കോടിയിൽ 27.5 കോടി കേന്ദ്ര സബ്സിഡി ലഭിക്കും. ബാക്കി നാല് ശതമാനം പലിശനിരക്കിൽ കിഫ്ബി വായ്പയായി ലഭ്യമാക്കുമെന്നും അധികൃതർ പറഞ്ഞു.
No comments