Breaking News

നടിയെ ആക്രമിച്ച കേസ്: ഭീഷണിപ്പെടുത്തൽ സംഭവത്തിൽ കെ.ബി. ഗണേഷ് കുമാർ എംഎൽഎയുടെ സെക്രട്ടറി പോലീസിനു മുന്നിൽ ഹാജരായില്ല



നടി ആക്രമിക്കപ്പെട്ട കേസിൽ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കെ.ബി. ഗണേഷ് കുമാർ എംഎൽഎയുടെ സെക്രട്ടറി പോലീസിനു മുന്നിൽ ഹാജരായില്ല. രണ്ടു ദിവസത്തിനുള്ളിൽ ഹാജരാകാനാണ് എംഎൽഎയുടെ ഓഫീസ് സെക്രട്ടറിയായ പ്രദീപ് കുമാറിന് ബേക്കൽ പോലീസ് നോട്ടീസ് നൽകിയത്.

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ പ്രധാന പ്രോസിക്യൂഷൻ സാക്ഷിയായ ബേക്കലിലെ വിപിൻ ലാലിനെ മൊഴിമാറ്റാൻ ഭീഷണിപ്പെടുത്തിയ സംഭവത്തിലാണ് പ്രദീപ് കുമാറിന് ബേക്കൽ പോലീസ് നോട്ടീസ് നൽകിയത്. ശനിയാഴ്ച വൈകിട്ട് ബേക്കൽ സ്റ്റേഷനിൽ നിന്നുള്ള പോലീസുകാരൻ പത്തനാപുരത്ത് എത്തി പ്രദീപിന് നേരിട്ട് നോട്ടീസ് കൈമാറുകയായിരുന്നു. തിങ്കളാഴ്ച്ചക്കുള്ളിൽ ഹാജരാകാനായിരുന്നു നിർദ്ദേശം.എന്നാൽ സമയപരിധി കഴിഞ്ഞിട്ടും പ്രദീപ് പോലീസ് സ്റ്റേഷനിൽ ഹാജരായിട്ടില്ല.

അതിനിടെ ഇയാൾ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായും വിവരമുണ്ട്. നടപടി വൈകിപ്പിച്ച് പോലീസ് പ്രദീപന് ജാമ്യം ലഭിക്കാൻ കൂട്ടുനിൽക്കുകയാണ് എന്ന ആക്ഷേപവും ഉയരുന്നുണ്ട്. തെളിവുകൾ കിട്ടിയ സാഹചര്യത്തിൽ നോട്ടീസ് നൽകി വിളിപ്പിക്കാതെ പ്രദീപിനെ കസ്റ്റഡിയിൽ എടുക്കാമായിരുന്നിട്ടും അതിന് മുതിരാത്തതും സംശയത്തിന് ഇടയാക്കുന്നു.

നേരിട്ട് ഹാജരാകാത്ത സാഹചര്യത്തിൽ പ്രദീപിനെ തേടി സിഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പത്തനാപുരത്തെക്ക് പോകാൻ ആലോചനയുണ്ട്. ശ്രദ്ധേയമായ കേസിൽ നടൻ ദിലീപിന് എതിരായ ഗൂഢാലോചന കുറ്റം തെളിയിക്കുന്നതിൽ വിപിൻ ലാലിന്റെ മൊഴി നിർണായകമാണ്.

മജിസ്ട്രേറ്റിന് മുന്നിൽ നൽകിയ മൊഴിയിൽ, ദിലീപും പൾസർ സുനിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വിപിൻ ലാൽ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് വിസ്താരത്തിനിടെ കൂറ്മാറ്റത്തിന് പ്രേരിപ്പിച്ചു കൊണ്ട് വിപിൻ ഭീഷണി നേരിട്ടത്.

No comments