Breaking News

പൊതുമാപ്പ് തീർന്നാൽ തെരച്ചിൽ; യു എ ഇയില്‍ അനധികൃത കുടിയേറ്റക്കാർക്കെതിരെ നടപടി ശക്തമാകും


യു എഇ :യു.എ.ഇയിൽ പ്രഖ്യാപിച്ച പൊതുമാപ്പ് അവസാനിക്കുന്നതോടെ അനധികൃത കുടിയേറ്റക്കാർക്കെതിരെ നടപടി ശക്തമാകും. നിയമാനുസൃതമല്ലാതെ രാജ്യത്തു തങ്ങുന്നവർക്കെതിരെ ജനുവരി ആദ്യം മുതൽ കടുത്ത നടപടികൾക്ക് സാധ്യതയുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യ ഉൾപ്പെടെ ഏഷ്യൻ രാജ്യങ്ങളുടെ നയതന്ത്ര കേന്ദ്രങ്ങളുമായി യു.എ.ഇ തൊഴിൽ മന്ത്രാലയം ആശയവിനിമയം തുടങ്ങി.

രണ്ടു തവണ നീട്ടിയ പൊതുമാപ്പ് ഡിസംബർ അവസാനത്തോടെ തീരും. ഇനി പൊതുമാപ്പ് നീട്ടുമെന്ന പ്രതീക്ഷ ആർക്കും വേണ്ടതില്ലെന്ന കൃത്യമായ സൂചനയാണ് യു.എ.ഇ അധികൃതർ നൽകുന്നത്. നിയമവിരുദ്ധമായി യു.എ.ഇയിൽ തങ്ങുന്നവരെ കണ്ടെത്താനുള്ള പ്രവർത്തനങ്ങളും ജനുവരിയോടെ ഊർജ്ജിതമാകും. ഇതു സംബന്ധിച്ച് വ്യാപക ബോധവൽക്കരണത്തിന് ദുബൈ എമിഗ്രേഷൻ വിഭാഗവും മറ്റും പ്രചാരണത്തിന് തുടക്കം കുറിച്ചു.

അനധികൃത താമസക്കാരെ ജോലിക്കെടുത്താൽ കുറഞ്ഞത് 50,000 മുതൽ ഒരുലക്ഷം ദിർഹം വരെ ഫൈൻ ലഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. താമസ നിയമങ്ങൾ ലംഘിക്കുന്നത് രാജ്യ സുരക്ഷയെ ബാധിക്കുമെന്നതിനാൽ എല്ലാ സുരക്ഷാ ഏജൻസികളും ചേർന്നാകും പരിശോധന നടത്തുക.

അനധികൃത തൊഴിലാളികളെ ജോലിക്ക് വെക്കുന്ന സ്ഥാപനങ്ങളിൽ വ്യാപക റെയ്ഡ് നടത്തുമെന്നും അധികൃതർ വ്യക്തമാക്കി. ഡിസംബർ 31 നകം വീസ കാലാവധി അവസാനിച്ചവർ യു.എ.ഇ വിടണമെന്ന് ഇന്ത്യ ഉൾപ്പെടെ വിവിധ ഏഷ്യൻ രാജ്യങ്ങൾ തങ്ങളുടെ പൗരൻമാർക്ക് നിർദേശം നൽകി. അതേസമയം തൊഴിൽ തർക്കമുള്ളവർക്കു പരാതിപ്പെടാനുള്ള ടോൾ ഫ്രീ നമ്പറും ദുബൈ എമിഗ്രേഷൻ ഏർപ്പെടുത്തി. 80060 എന്നതാണ് നമ്പർ.

No comments