Breaking News

നാട്ടിൽ മത്സരച്ചൂട് കടൽ കടന്ന് ആവേശം


ബിരിക്കുളം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കേരളത്തിലാണെങ്കിലും ഗൾഫ് നാടുകളിലും ആവേശത്തിന് ഒട്ടും കുറവില്ല. 

നാട്ടിലെ തെരഞ്ഞെടുപ്പ് മത്സരച്ചൂട് കടൽ കടന്നപ്പോൾ നാട്ടിലില്ലാത്തതിൻ്റെ വിഷമം തീർക്കാൻ എൽ.ഡി.എഫ് പ്രചരണത്തിനായി പാരഡിഗാനങ്ങളുടെ വീഡിയോകൾ തയ്യാറാക്കുകയാണ് ഷാർജയിൽ നിന്ന് ഒരു യുവാവ്. കിനാനൂർ കരിന്തളം പഞ്ചായത്തിലെ ബിരിക്കുളം കൊട്ടമടൽ സ്വദേശി എൻ.വി പ്രേംരാജാണ് ഇത്തരത്തിൽ പ്രവർത്തകർക്ക് ആവേശമാകുന്നത്. ആദ്യം തൻ്റെ വാർഡായ ബിരിക്കുളത്തെ സ്ഥാനാർത്ഥി വി.സന്ധ്യയ്ക്കും, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പരപ്പ ഡിവിഷൻ സ്ഥാനാർത്ഥി പി.വി ചന്ദ്രനും വേണ്ടിയാണ് പാരഡിവീഡിയോകൾ ഒരുക്കിയത്. ഇവ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായതോടെ നിരവധി പേർ സ്ഥാനാർത്ഥികൾക്കായി പ്രേംരാജിൻ്റെ സഹായം തേടിയെത്തി. നിലവിൽ കാസർകോട്, കണ്ണൂർ ജില്ലകളിലെ പത്തോളം ഇടതുമുന്നണി സ്ഥാനാർത്ഥികൾക്കായി പ്രേംരാജ് വീഡിയോകൾ തയ്യാറാക്കിക്കഴിഞ്ഞു. ഇനിയും ആവശ്യക്കാർ ഏറെയാണ്. പാരഡി ഗാനങ്ങളുടെ വരികളെഴുതുന്നതും പാടുന്നതും പ്രേംരാജ് തന്നെയാണ്. തൻ്റെ ജോലി സമയം കഴിഞ്ഞ് രാത്രികളിലാണ് ഇദ്ദേഹം വീഡിയോകൾ തയ്യാറാക്കുന്നത്. മുമ്പും പ്രേംരാജിൻ്റെ നിരവധി പാരഡിഗാനങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.


 വടക്കൻഡയറീസ് വ്ലോഗ്, വടക്കൻ ഡയറീസ് എന്റർടെയ്ൻമെൻ്റ് എന്നീ പേരുകളിൽ  യൂട്യൂബ് ചാനലുകളും  പ്രേംരാജിൻ്റേതായുണ്ട്. പരേതനായ എൻ.വി മോഹനൻ്റേയും ജാനകിയുടേയും മകനാണ് പ്രേംരാജ്‌. ഷൈന, ഷൈമ എന്നിവർ സഹോദരിമാർ.

No comments