സ്ഥാനാർഥിയുടെ മകൻ തലയ്‌ക്ക് വെടിയേറ്റ് മരിച്ചനിലയിൽ
ചിറ്റൂർ കന്നിമാരിയിൽ വനിതാ സ്ഥാനാർഥിയുടെ മകനെ തലയ്ക്ക് വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കന്നിമാരി കുറ്റിക്കൽചള്ള രാജന്റെയും കല്യാണിക്കുട്ടിയുടെയും മകൻ അജിത്തിനെയാണ് (31) വീടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. വെടിവെക്കാൻ ഉപയോഗിച്ചതെന്ന് കരുതുന്ന പോയന്റ് 315 റൈഫിൾ മൃതദേഹത്തിനടുത്തുനിന്ന് പോലീസിന് ലഭിച്ചിട്ടുണ്ട്. കർഷകൻകൂടിയായ അജിത്തിന്റെ അച്ഛൻ രാജന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ തോക്കെന്ന് പോലീസ് പറഞ്ഞു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെങ്കിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം. പട്ടഞ്ചേരി പഞ്ചായത്ത് പത്താംവാർഡിലെ എൽ.ഡി.എഫ്. സ്ഥാനാർഥിയാണ് കല്യാണിക്കുട്ടി. കല്യാണിക്കുട്ടിയും രാജനും തിങ്കളാഴ്ച വൈകുന്നേരം തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോയിരിക്കയായിരുന്നു. അജിത്തല്ലാതെ മറ്റാരും വീട്ടിലുണ്ടായിരുന്നില്ല. പ്രചാരണത്തിന് ശേഷം കല്യാണിക്കുട്ടി വീട്ടിലെത്തിയപ്പോഴാണ് സംഭവമറിയുന്നത്. വാതിൽ ചാരിയനിലയിലുള്ള കിടപ്പുമുറിയിലായിരുന്നു മൃതദേഹം. തലയിൽനിന്ന് രക്തം വാർന്നിരുന്നു. മീനാക്ഷിപുരം പോലീസ് സ്ഥലത്തെത്തി വീട് മുദ്രവെച്ചു.
ചിറ്റില്ലഞ്ചേരിയിൽ സ്വകാര്യ ഡി അഡിക്ഷൻ കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന അജിത്ത് നാലുദിവസം മുമ്പാണ് വീട്ടിലെത്തിയതെന്ന് പോലീസ് പറഞ്ഞു.
No comments