Breaking News

വീട്‌ വാങ്ങുന്നവര്‍ക്ക് ആദായ നികുതി ഇളവ് പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ


ന്യൂഡല്‍ഹി: വീടു വാങ്ങുന്നവര്‍ക്ക് ആദായ നികുതിയിളവ് പ്രഖ്യാപിച്ച് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമൻ. രണ്ടു കോടി രൂപ വരെയുള്ള വീടുകള്‍ക്കാണ് ആനുകൂല്യം ലഭിക്കുക. മൂന്നാം ഘട്ട സാമ്പത്തിക പാക്കേജിന്റെഭാഗമായിട്ടാണ് പ്രഖ്യാപനം. 2021 ജൂണ്‍ 30 വരെയുള്ള കാലയളവില്‍ വീട് വാങ്ങുന്നവര്‍ക്കാണ് ആനുകൂല്യത്തിന് അര്‍ഹത. ആദ്യമായി വീട് വാങ്ങുന്നവരുമായിരിക്കണം. റിയല്‍ എസ്റ്റേറ്റ് മേഖലയെ ഉത്തേജിപ്പിക്കുന്നതിനും ഡിമാന്റ് കൂട്ടുന്നതിനുമാണ് പദ്ധതി അവതരിപ്പിച്ചതെന്ന് ധനമന്ത്രി പറ‍ഞ്ഞു. രാജ്യത്തെ നികുതിദായകര്‍ക്കായി ആദായ നികുതി വകുപ്പ് 1,32,800 കോടി രൂപ ഇതിനകം റീഫണ്ട് നല്‍കിയതായും മന്ത്രി പറഞ്ഞു. 39.7 ലക്ഷം പേര്‍ക്കാണ് തുക വിതരണംചെയ്തത്


സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായി കർഷകർക്ക് 65,000 കോടി രൂപയുടെ വളം സബ്സിഡിയും മന്ത്രി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ഗരീബ് കല്യാൺ റോസ്ഗാർ യോജനയിൽ 10,000 കോടി രൂപ കൂടി അധികമായി അനുവദിക്കും. കോവിഡ് വാക്സിൻ വികസിപ്പിക്കുന്നതിന് കോവിഡ് സുരക്ഷാ മിഷൻ നൽകുന്ന 900 കോടി രൂപ ബയോ ടെക്നോളജി വകുപ്പ് നൽകുമെന്നും മന്ത്രി പറഞ്ഞു

രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ആത്മനിര്‍ഭര്‍ ഭാരത് റോസ്ഗാര്‍ യോജനയും ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ഇപിഎഫ്ഒ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളിൽ 15,000 രൂപയിൽ താഴെ മാസവേതനത്തിൽ പുതുതായി നിയമിക്കപ്പെടുന്നവർ, കോവിഡ് കാലത്തെ തൊഴിൽ നഷ്ടപ്പെടുകയും ഒക്ടോബർ 1മുതൽ ജോലിക്ക് കയറിയവർ എന്നിവർക്കെല്ലാം പുതിയ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. കോവിഡ് ലോക്ക്ഡൗണിന് ശേഷം രാജ്യത്തെ സമ്പദ് ഘടന തിരിച്ചുവരവിന്റെ പാതയിലാണെന്നും സാമ്പത്തിക സൂചികകളെല്ലാം ഇതാണ് തെളിയിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു

No comments