മംഗള എക്സ്പ്രസിന് കാഞ്ഞങ്ങാടും നീലേശ്വരവും സ്റ്റോപ്പുണ്ടാവില്ല
മംഗള എക്സ്പ്രസിന്റെ കാഞ്ഞങ്ങാട് നീലേശ്വരം സ്റ്റോപ്പുകൾ എടുത്തു കളയും. അതേ സമയം മംഗളൂരു- കോയമ്പത്തൂർ പാസഞ്ചർ എക്സ്പ്രസ്സ് ട്രെയിനാക്കി മാറ്റാനും ആലോചനയുണ്ട്. ഡിസംബർ ഒന്നിന് നിലവിൽ വരുന്ന പുതിയ റയിൽവേ ടൈം ടേബിളിൽ സമൂല മാറ്റങ്ങൾ ഉണ്ടാവും.
തീവണ്ടികളുടെ വേഗത കൂട്ടുന്നതിന്റെ ഭാഗമായി രാജ്യവ്യാപകമായി 10,200 സ്റ്റോപ്പുകൾ എടുത്തു കളയാനാണ് റെയിൽവേ ബോർഡിന്റെ തീരുമാനം. ഇതനുസരിച്ച് എറണാകുളം - ന്യൂ ഡൽഹി മംഗള സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിന്റെ കേരളത്തിലെ സ്റ്റോപ്പുകളിലും കുറവ് വരും. കാഞ്ഞങ്ങാട്, നീലേശ്വരം, പഴയങ്ങാടി, കൊയിലാണ്ടി, ഫറോക്, പരപ്പനങ്ങാടി, കുറ്റിപ്പുറം, പട്ടാമ്പി എന്നീ സ്റ്റേഷനുകളിൽ ഡിസംബർ ഒന്ന് മുതൽ ഈ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്സ് തീവണ്ടി നിർത്തേണ്ടതില്ല എന്നാണ് നിർദ്ദേശം.
കൂടാതെ 200 കിലോ മിറ്ററിലധികം ഓടുന്ന എല്ലാ പാസ്സഞ്ചർ വണ്ടികളും എക്സ്പ്രസ്സ് ആയി ഉയർത്താനും പദ്ധതിയിട്ടിട്ടുണ്ട്. ഇതനുസരിച്ചു മംഗളൂരു-കോയമ്പത്തൂർ, മംഗളൂരു - കോഴിക്കോട് എന്നീ വണ്ടികൾ എക്സ്പ്രസ്സ് ആയി പരിണമിക്കും. അതോടെ സ്പീഡ് കൂടുമെങ്കിലും കുറെ സ്റ്റോപ്പുകൾ ഇല്ലാതാവുകയും ടിക്കറ്റ് നിരക്ക് ഗണ്യമായി വർധിക്കുകയും ചെയ്യും. ഇപ്പോൾ പാസ്സഞ്ചർ വണ്ടിയുടെ ചുരുങ്ങിയ ടിക്കറ്റ് നിരക്ക് 10 രൂപയാണെങ്കിൽ എക്സ്പ്രസ്സ്സിൽ അത് മൂന്നിരട്ടിയായ 30 രൂപയാണ്. ലാഭാകരമല്ലാത്ത കുറെ വണ്ടികൾ നിർത്തൽ ചെയ്യാനും വിവിധ ഹാൾട്ട് സ്റ്റേഷനുകൾ പൂർണമായി ഇല്ലാതാക്കാനും നിർദ്ദേശമുണ്ട്.
കഴിഞ്ഞ വർഷം തെക്കോട്ടു ഹാൾട്ട് സ്റ്റേഷൻ നിർത്തലാക്കിയത് ദേർലകട്ടെ, മുടിപ്പ് ഭാഗങ്ങളിൽ ഉന്നത വിദ്യാഭ്യാസം നേടുന്ന കാസർകോട്ടെ ആയിരക്കണക്കിന് വിദ്യാർത്ഥികളെ പ്രതികൂലമായി ബാധിച്ചിരുന്നു. എൻ ഡി എ സർക്കാർ അധികാരത്തിൽ വന്ന ശേഷം തീവണ്ടി സർവീസുകളുടെ ചാർജുകൾ പതിവിലധികം വർധിപ്പിക്കുകയും സർക്കാർ സംവിധാനമായ ഇന്ത്യൻ റെയിൽവേയെ പൂർണമായും ലാഭം മാത്രം മുന്നിൽ കണ്ടു പ്രവർത്തിക്കുന്ന ഒരു സ്ഥാപനമായി മാറ്റിയെന്നും സാമൂഹ്യ പ്രതിബദ്ധത കാട്ടുന്നിലെന്നും ആക്ഷേപമുണ്ട്.
No comments