Breaking News

നവംബർ 26ന്റെ ട്രേഡ് യൂണിയൻ പണിമുടക്കിൽ മാറ്റമില്ല


ഈ മാസം പ്രഖ്യാപിച്ച പൊതുപണിമുടക്കില്‍ മാറ്റമില്ലെന്ന് ട്രേഡ് യൂണിയനുകള്‍ അറിയിച്ചു. നവംബര്‍ 26നാണ് പൊതുപണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. തീരുമാനത്തില്‍ മാറ്റമുണ്ടാകില്ലെന്നു പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകള്‍ സംയുക്ത യോഗത്തിനു ശേഷം അറിയിച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ, തൊഴിലാളി വിരുദ്ധ, ദേശ വിരുദ്ധ നയങ്ങള്‍ക്കെതിരെയാണ് പണിമുടക്ക് നടത്തുന്നതെന്ന് ട്രേഡ് യൂണിയനുകള്‍ പ്രസ്താവനയില്‍ പറഞ്ഞു. ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി, സി.ഐ.ടി.യു, എച്ച്‌.എം.എസ്, എ.ഐ.യു.ടി.യു.സി, ടി.യു.സി.സി, സേവ, എ.ഐ.സി.സി.ടി.യു, എല്‍.പി.എഫ്, യു.ടി.യു.സി എന്നിവ സംയുക്തമായാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്


കര്‍ഷക ദ്രോഹ ബില്ലുകളും തൊഴിലാളി വിരുദ്ധ കോഡുകളും പിന്‍വലിക്കുക, റെയില്‍വേ–പ്രതിരോധ തുറമുഖ–ധന മേഖലകളിലെ സ്വകാര്യവല്‍ക്കരണം ഉപേക്ഷിക്കുക, കേന്ദ്ര സര്‍വീസ് -പൊതുമേഖലാ ജീവനക്കാരെ നിര്‍ബന്ധപൂര്‍വം പിരിച്ചുവിടുന്നത് അവസാനിപ്പിക്കുക, ആദായനികുതിദായകരല്ലാത്ത എല്ലാ കുടുംബത്തിനും മാസം 7500 രൂപവീതം അക്കൗണ്ടില്‍ നിക്ഷേപിക്കുക, ആവശ്യക്കാരായ എല്ലാവര്‍ക്കും മാസം 10 കിലോവീതം സൗജന്യ ഭക്ഷ്യധാന്യം നല്‍കുക, വര്‍ഷം 200 തൊഴില്‍ ദിനം വര്‍ധിപ്പിച്ച വേതനത്തില്‍ ലഭ്യമാക്കാന്‍ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിപുലീകരിച്ച്‌ നഗരങ്ങളിലും നടപ്പാക്കുക, എല്ലാവര്‍ക്കും പെന്‍ഷന്‍ നല്‍കുക, പങ്കാളിത്ത പെന്‍ഷനു പകരം മുന്‍ പെന്‍ഷന്‍രീതി പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.

No comments