Breaking News

സിപിഎം യുവനേതാവ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ


സുൽത്താൻ ബത്തേരി: സിപിഎം യുവനേതാവിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സിപിഎം ബത്തേരി ഏരിയാകമ്മിറ്റിയംഗം മന്തണ്ടിക്കുന്ന് ആലക്കാട്ടുമാലായിൽ എ കെ ജിതൂഷ് (40) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

എൽഡിഎഫ് ബത്തേരി നഗരസഭാ തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനറായിരുന്നു. എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ്, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി, ഫ്രീഡം ടു മൂവ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തരമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്നു.

നൂൽപ്പുഴ ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റും ബത്തേരി ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗവുമായിരുന്ന എ.കെ. കുമാരന്റെ മകനാണ്. അമ്മ: സരള. ഭാര്യ: ദീപ (വ്യാപാരി സഹകരണസംഘം ജീവനക്കാരി). മക്കൾ: ഭരത് കൃഷ്ണ, എട്ടുമാസം പ്രായമുള്ള മകൾ.


എ കെ ജിതൂഷ് വിട പറഞ്ഞത് ബത്തേരി നഗരസഭയിൽ പാർട്ടിക്കും മുന്നണിക്കും ഐതിഹാസിക വിജയം സമ്മാനിച്ചശേഷം. 23 സീറ്റിൽ കുറയാത്ത വിജയം നേടുമെന്ന് ജിതൂഷ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മരിക്കുന്ന അന്നു രാത്രി എട്ടുവരെ സത്യപ്രതിജ്ഞാ ചടങ്ങിനും ആഹ്ളാദ പ്രകടനത്തിനുമുള്ള ഒരുക്കങ്ങൾക്ക് നേതൃത്വം നൽകുകയായിരുന്നു ഇദ്ദേഹം. എൽഡിഎഫ് സ്ഥാനാർഥികളായി മത്സരിച്ചവരെയും വാർഡുതല നേതാക്കളെയും ഇന്നലെ രാത്രി ഫോണിൽ വിളിച്ചു പ്രവർത്തകരുമായി എത്തണമെന്ന് പറഞ്ഞിരുന്നു.

വലിയ സൗഹൃദ വലയം ഉണ്ടായിരുന്ന ജിതൂഷിന്റെ മരണമറിഞ്ഞ് കക്ഷിരാഷ്ട്രീയ ഭേദമന്യേ ജനങ്ങളും നേതാക്കളും വീട്ടിലേക്കൊഴുകിയെത്തി. വടക്കനാടുള്ള തറവാട്ട് വീട്ടിലാണ് സംസ്കാര ചടങ്ങുകൾ നടത്തിയത്. നൂൽപുഴ പഞ്ചായത്തിലേക്ക് മത്സരിച്ച പിതാവ് എ കെ കുമാരന്റെ തോൽവി ജിതൂഷിനെ ഏറെ വേദനിപ്പിച്ചിരുന്നു.

No comments