Breaking News

തോറ്റത് ബാലറ്റിൽ മാത്രം.. ജനഹൃദയങ്ങളിൽ ജയിച്ച് കയറുകയാണ് ഇടത്തോടെ ഈ ഇടതുപക്ഷ സ്ഥാനാർത്ഥി


വെള്ളരിക്കുണ്ട്: തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും ജനമനസ്സുകളിൽ വിജയിച്ചൊരു സ്ഥാനാർത്ഥിയുണ്ടിവിടെ. ബളാൽ പഞ്ചായത്ത് ഒന്നാം വാർഡ് ഇടത്തോടിൻ്റെ ഇടതുപക്ഷ സ്ഥാനാർത്ഥിയായിരുന്ന ദാമോദരൻ കൊടക്കലാണ് നാടിൻ്റെ നിറഞ്ഞ സ്നേഹം ഏറ്റു വാങ്ങിക്കൊണ്ടിരിക്കുന്നത്. തെരഞ്ഞെടുപ്പ് ജയം മാത്രമായിരുന്നില്ല ഈ സ്ഥാനാർത്ഥിയുടെ ലക്ഷ്യം.  അതിനുള്ള കുറുക്കുവഴികൾ തേടിയിട്ടുമില്ല. നിരവധി പട്ടികവർഗ്ഗ കുടുംബങ്ങൾ താമസിക്കുന്ന ഒന്നാം വാർഡിൽ അത്തരം കോളനികളിൽ കൃത്യമായ ഇടപെടൽ നടത്താൻ കഴിഞ്ഞു എന്നതാണ് കെ.സി. സാബു നയിച്ച തെരഞ്ഞെടുപ്പ് കമ്മറ്റിയെ പ്രസക്തമാക്കുന്നത്.

ആരും തിരിഞ്ഞ് നോക്കാതെ ഒറ്റപ്പെട്ട് കിടന്നിരുന്ന ഒന്നാം വാർഡിലെ കുറുമാണം പട്ടികവർഗ്ഗ കോളനിയിൽ ദാമോദരൻ കൊടക്കലും മറ്റ് പ്രവർത്തകരും നിരവധി തവണ സന്ദർശിക്കുകയും,  ആ കോളനിയുടെ അടിസ്ഥാന വികസന കാര്യങ്ങളെക്കുറിച്ച് സമഗ്രമായി പഠനം നടത്തുകയും  ചെയ്തിരുന്നു. 

അശാസ്ത്രീയമായ വാർഡ് വിഭജനത്തിൻ്റെ ഭാഗമായി കള്ളാർ പഞ്ചായത്തിൻ്റെ അതിരു പങ്കിടുന്ന കുറുമാണം പട്ടികവർഗ്ഗ കോളനിയിൽ റോഡ് മാർഗ്ഗം എത്തിച്ചേരാൻ കിലോമീറ്ററുകൾ താണ്ടി പൂടംകല്ല് വഴി സഞ്ചരിക്കണം. റോഡ് ഇല്ലാത്തതിനാൽ പരപ്പ പള്ളത്തുമലയിൽ നിന്നും 4 കിലോമീറ്ററോളം കാൽനടയായി സഞ്ചരിച്ച് വേണം കുറുമാണത്ത് എത്താൻ. 

തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായിട്ടാണ് സ്ഥാനാർത്ഥിയായിരുന്ന ദാമോദരൻ കൊടക്കൽ, വാർഡ് കമ്മറ്റി സെക്രട്ടറി കെ.സി. സാബു എന്നിവരടങ്ങുന്ന പ്രവർത്തകർ കുറുമാണത്ത് പോയതെങ്കിലും കേവലം വോട്ട് ചോദിച്ച് മടങ്ങുക മാത്രമല്ല ചെയ്തത്.  അവിടുത്തെ നിലവിലെ ജീവിത സാഹചര്യങ്ങളെക്കുറിച്ചും അടിസ്ഥാന വികസന പ്രശ്നങ്ങളെക്കുറിച്ചും കണ്ടും ചോദിച്ചും  മനസിലാക്കുക കൂടിയായിരുന്നു. 

പതിനാറ് പട്ടികവർഗ്ഗ കുടുംബങ്ങൾ താമസിക്കുന്ന ഈ പ്രദേശത്ത് ഒരു കമ്യൂണിറ്റി ഹാളോ കുടിവെള്ള വിതരണത്തിനായി ഏകീകൃത സംവിധാനമോ ഇല്ല. കൂടാതെ, ഇവിടെ പ്രവർത്തിച്ചു കൊണ്ടിരുന്ന ഏകാധ്യാപക വിദ്യാലയം തകർന്നിട്ട് വർഷങ്ങളായി. കോളനിയിൽ ഒരു അങ്കൺവാടി ഇല്ലാത്തതിനാൽ ഗർഭിണികളുടേയും നവജാത ശിശുക്കളുടേയും ആരോഗ്യപരിപാലനത്തിൽ ശ്രദ്ധ ലഭിക്കുന്നില്ല. കൂടാതെ, കുട്ടികൾക്കായി നല്ലൊരു കളിസ്ഥലം ഇല്ലാത്തതും  കോളനിയിൽ തെരുവ് വിളക്കുകളുടെ അഭാവവും അവർ മനസിലാക്കി. ഏത് കാര്യത്തിനും പൂടംകല്ലിനെ ആശ്രയിക്കേണ്ട ഇവർക്ക് ആകെയുള്ള ഗതാഗത സൗകര്യം ഒരു ജനകീയ ജീപ്പ് സർവ്വീസ് മാത്രമാണ്.


 സ്ഥാനാർത്ഥി ആയിരിക്കെ ദാമോദരൻ കൊടക്കലിന് വേണ്ടി തെരഞ്ഞെടുപ്പ് കമ്മറ്റി കുറുമാണത്ത് സംഘടിപ്പിച്ച കുടുംബയോഗങ്ങളിലൂടെ രാഷ്ട്രീയ വിശദീകരണങ്ങൾക്കപ്പുറം കോളനിവാസികളുമായുള്ള ഹൃദയബന്ധം സ്ഥാപിക്കുക കൂടിയായിരുന്നു ഇവർ. 

വയറിംഗോ വൈദ്യുതി കണക്ഷനോ ഇല്ലാതിരുന്ന കോളനിയിലെ ഒരു കുടുംബത്തിന് എല്ലാ സാങ്കേതിക തടസ്സങ്ങളും നീക്കി വയറിംഗ് ചെയ്ത് വൈദ്യുതി എത്തിക്കാൻ കഴിഞ്ഞതും,  കോളനിയിലെ ഒരു വിദ്യാർത്ഥിനിക്ക് ഓൺലൈൻ പഠന സൗകര്യം ഒരുക്കി കൊടുത്തതുമെല്ലാം ഒരു തിരഞ്ഞെടുപ്പ് തോൽവിയിൽ മനം മടുത്ത് മാറി നിൽക്കാതെ മാനവികതയുടെ മഹത്തായ ആശയം  നെഞ്ചേറ്റുന്നതു കൊണ്ട് മാത്രമാണ്.

തിരഞ്ഞെടുപ്പ് തോൽവിയിൽ, സ്ഥാനാർത്ഥിയേക്കാളേറെ സങ്കടമുണ്ടാക്കിയ നിഷ്ക്കളങ്കരായ ചിലരൊക്കെ നേരിട്ടും ഫോണിലൂടേയും കരഞ്ഞുകൊണ്ട് ഒപ്പമുണ്ടെന്ന് പറയുമ്പോൾ ഈ സഖാവിൻ്റെ   ആത്മബലത്തിന് കരുത്ത് കൂടുകയാണ്.


ഒരുപക്ഷേ, ജയിച്ച് കയറിയ ജനപ്രതിനിധിയേക്കാൾ ഒരു മനുഷ്യൻ നാട്ടുകാർക്ക് പ്രിയപ്പെട്ടവനാകുന്നത് ഇതുകൊണ്ടൊക്കെ തന്നെയാണ്.

ജയപരാജയങ്ങൾ വിധിയെഴുതിയിട്ടും കഴിഞ്ഞ ദിവസം വീണ്ടും കോളനിവാസികളുടെ ക്ഷേമകാര്യങ്ങൾ അന്വേഷിക്കാനായി  ദാമോദരൻ കൊടക്കൽ കുടുംബസമേതം കുറുമാണത്തെത്തി. ഓൺലൈൻ പഠനം വഴിമുട്ടിയ കോടോത്ത് പ്ലസ് വൺ പഠിക്കുന്ന കോളനിയിലെ ഒരു കുട്ടിക്ക് സ്മാർട്ട് ഫോൺ നൽകിയ ശേഷം, ഏവരേയും ഹൃദയത്തോട് ചേർത്ത് നിർത്തി

ഒരു വിളിക്കപ്പുറം ഞാൻ ഇനിയും നിങ്ങൾക്കൊപ്പമുണ്ടെന്ന് പറഞ്ഞ് പിരിയുമ്പോൾ പിന്നിൽ നിന്നും, പ്രിയപ്പെട്ടവരുടെ ഹൃദയങ്ങളിൽ നിന്നും

ഉയർന്ന് പൊങ്ങിയത്

ഒരേ ശബ്ദമാണ്.. 

"നിങ്ങള് തോറ്റിട്ടില്ല സഖാവെ...!!"

No comments