Breaking News

നാടൻകോഴി വളർത്തൽ ലാഭകരം; മുട്ട വില പത്തു രൂപ

 



വെള്ളരിക്കുണ്ട്: (www.malayoramflash.com)അങ്കവാലും തലയിലെ പൂവും കാലിലെ മുള്ളും നോക്കി ലക്ഷണമൊത്ത ഒരു പൂവൻ കോഴിയുടെ വില കേട്ടാൽ ആരുമൊന്ന് പകച്ചു പോകും. 3000 രൂപ മുതൽ മുകളിലോട്ടാണ് വില. നാടൻ കോഴി വളർത്തൽ തന്നെ സ്വയം തൊഴിലായി സ്വീകരിച്ച ഒട്ടേറെ യുവാക്കൾ ഇന്ന് നാട്ടിൻ പുറങ്ങളിലുണ്ട്. വാട്സ്ആപ്പ്, ഫെയ്സ് ബുക്ക് കൂട്ടായ്മ്മയും സജീവം. വിൽപ്പന തകൃതി. കാസർകോടൻ അതിർത്തിഗ്രാമങ്ങളിൽ നിന്ന്

ലക്ഷണമൊത്ത പൂവനെ തിരഞ്ഞ് മലയോര ഗ്രാമപ്രദേശങ്ങളിൽ

ആൾക്കാർ എത്തുന്നത് ഇന്നൊരു പുതുമയല്ല. കോഴിക്കെട്ട് പലയിടത്തും തകൃതിയായി നടക്കുന്നു. 

നാടൻ കോഴിക്കറിയും മലയാളിയുടെ തീൻമേശയിലെ പ്രധാന വിഭവമായി മാറിയിരിക്കുന്നു. 

സർക്കാർ പദ്ധതികളായ കാട വളർത്തൽ, മുട്ടക്കോഴി വളർത്തൽ തുടങ്ങിയ പദ്ധതികളിൽ നിന്നും ചെറുകിട കർഷകർ പിൻമാറാൻ തുടങ്ങിയിരിക്കുന്നു. കോഴിത്തീറ്റയുടെ വില വർധനവാണ് പ്രധാന കാരണം. സർക്കാർ സബ്സിഡി ഇടനിലക്കാർ സ്വന്തമാക്കുന്നു.എന്നാൽ നാടൻ കോഴി കൃഷിക്ക് ഗ്രാമപ്രദേശങ്ങളിൽ പ്രീയമേറി വരുന്നു. കൊറോണ കാലം സൃഷ്ടിച്ച പ്രതിസന്ധി ഇത്തരം ചെറുകിട കാർഷികവൃത്തിയിലേക്ക് തിരിയാൻ യുവാക്കളെ കൂടി പ്രേരിപ്പിച്ചിട്ടുണ്ട്.

മുട്ടയിടാനായ നാടൻ പിടക്കോഴി ഒന്ന് 800 രൂപയോളം വില ലഭിക്കുന്നു. നാടൻ കോഴി മുട്ടയ്ക്കും മാർക്കറ്റിൽ വൻ ഡിമാൻ്റാണ് പത്തു രൂപയാണ് വില.സാധാരണ കോഴിമുട്ടയെക്കാളും മൂന്ന് രൂപ കൂടുതൽ ലഭിക്കുന്നു.

വീട്ടിലെ ഭക്ഷണാവശിഷ്ടവും അല്പം കോഴി തീറ്റയും ഗോതമ്പും കിട്ടിയാൽ മതി. കോഴി വളർത്തൽ നല്ല വരുമാനമാണെന്ന് നാട്ടുകാർ പറയുന്നു. മറ്റ് കോഴികളെ പോലെ അസുഖം കുറവാണ് . അടയിരിക്കാനുള്ള ശേഷിയും നാടൻ കോഴി വളർത്തലിൻ്റെ പ്രധാന മേന്മയാണ്.ദേവാലയങ്ങളിലെ നേർച്ചയ്ക്ക് ബലികഴിക്കാൻ ഉപയോഗിക്കുന്നതും നാടൻ കോഴികളെയാണ്.ഒരു മാസം പ്രായമുള്ള ഒരു നാടൻ കോഴിക്കുഞ്ഞിന് 150 രൂപ മുതൽ 200 രൂപ വരെ വില ലഭിക്കുന്നു. വീട്ടമ്മമാരുടെ സ്വകാര്യ വരുമാന മാർഗം കൂടിയാണിത്. മിതമായ വിലയിൽ നല്ല ഇരുമ്പു കൂട് ലഭിച്ചു തുടങ്ങിയതോടെ നാടൻ കോഴി വളർത്തലിന് വൻ സാധ്യതയാണ് വരാൻ പോകുന്നത്. തെരുവ് നായ ശല്യമാണ് കോഴി വളർത്തലിൽ വീട്ടുകാർ നേരിടുന്ന പ്രധാന വെല്ലുവിളി. തെരുവ് നായ്ക്കൾ കൂട്ടമായെത്തി കൂട് പൊളിച്ച് കോഴികളെയും കൊണ്ട് കടന്നു കളയുന്നു. തലശ്ശേരി കോഴിയും മലയൻ കോഴിയുമാണ് ജില്ലയിൽ സാധാരണയായി കണ്ടുവരുന്ന രണ്ടിനം നാടൻ കോഴികൾ. കോഴി കെട്ടിന് ഉപയോഗിക്കുന്ന വോർക്കാടി കോഴികൾക്കും മാർക്കറ്റിൽ വലിയ വിലയുണ്ട്. ഇത് നാടൻ കോഴികൾക്കൊപ്പം വോർക്കാടി കോഴികളെയും വളർത്തുന്നതിന് വീട്ടമ്മമാർക്ക് പ്രചോദനം നൽകുന്നുണ്ട്.

No comments