ഫാഷൻ ഗോൾഡ് ജ്വല്ലറി: MLAയെ അറസ്റ്റ് ചെയ്തിട്ട് മൂന്നാഴ്ച; നിക്ഷേപ തട്ടിപ്പിനിരയായവർ പ്രത്യക്ഷ സമരത്തിന്
കാസർകോട്:ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പിനിരയായവര്‍ പ്രത്യക്ഷ സമരത്തിന്. കേസിന്റെ വിചാരണക്കായി കാസര്‍ഗോഡ് പ്രത്യേക കോടതി സ്ഥാപിക്കണമെന്നും മാനേജിങ് ഡയറക്ടര്‍ പൂക്കോയ തങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യണമെന്നുമാണ് നിക്ഷേപകരുടെ ആവശ്യം.
ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസില്‍ ചെയര്‍മാന്‍ എം സി കമറുദ്ദീന്‍ എം എൽ എയെ അറസ്റ്റ് ചെയ്ത് മൂന്നാഴ്ച പിന്നിടുമ്പോഴും എം ഡി ഉള്‍പ്പെടെ ഡയറക്ടര്‍മാരെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നിലപാടിലാണ് നിക്ഷേപകരുടെ പ്രതിഷേധം.
രാഷ്ട്രീയ സ്വാധീനവും സാമുദായിക സ്വാധീനവും ഉപയോഗിച്ച് നിക്ഷേപം സമാഹരിച്ച് കോടികള്‍ തട്ടിയ കേസില്‍ 123 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടും എം എൽ എയുടെ അറസ്റ്റിന് അപ്പുറം കുടുതല്‍ നടപടികള്‍ ഒന്നുമുണ്ടായിട്ടില്ല. പലവട്ടം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച മാനേജിങ് ഡയറക്ടര്‍ പൂക്കോയ തങ്ങള്‍ ഉള്‍പ്പെടെ ഒളിവില്‍ കഴിയുമ്പോള്‍ തങ്ങള്‍ക്ക് നീതി അന്യമാകുമോ എന്ന ആശങ്കയാണ് നിക്ഷേപകര്‍ക്ക്.
കോടികളുടെ തട്ടിപ്പ് നടത്തിയ ആളുകളെ പൊലീസ് വിചാരിച്ചാല്‍ അറസ്റ്റ് ചെയ്യാന്‍ കഴിയുമെന്നും എന്നാല്‍ അന്വേഷണ സംഘം അറസ്റ്റ് നടപടിയിലേക്ക് കടക്കുന്നില്ലെന്നും നിക്ഷേപകര്‍ ആരോപിക്കുന്നു.
ഫാഷന്‍ ഗോള്‍ഡ് എം ഡി ഉള്‍പ്പെടെയുള്ളവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിക്ഷേപകര്‍ കാസര്‍കോട് ജില്ലാ പൊലീസ് ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തി. കേസിന്റെ വിചാരണയ്ക്ക് പ്രത്യേക കോടതി സ്ഥാപിക്കണമെന്നും ജ്വല്ലറിയുടെ എല്ലാ ഡയറക്ടര്‍മാരുടെയും സമ്പാദ്യങ്ങള്‍ കണ്ടു കെട്ടണമെന്നും നിക്ഷേപകര്‍ ആവശ്യപ്പെടുന്നുണ്ട്.
No comments