Breaking News

വലിയപറമ്പയിലെ അശാസ്ത്രീയ വാർഡ് വിഭജനം; തൃക്കരിപ്പൂരിലെ സ്ഥാനാർത്ഥിക്ക് വോട്ടർമ്മാരെ കാണാൻ കിലോമീറ്ററുകൾ തുഴയെറിയണം


വലിയപറമ്പ്: വലിയപറമ്പ് പഞ്ചായത്തിലെ നാലാം വാർഡ് തെക്കെ തൃക്കരിപ്പൂർ കടപ്പുറത്തെ എൽ.ഡി.എഫ് സ്ഥാനാർഥി മനോഹരനാണ് കിലോമീറ്ററുകൾ തോണി തുഴഞ്ഞ് ദ്വീപുകൾ താണ്ടി വോട്ടു തേടുന്നത്.

ഏഴിമല  നാവിക അക്കാദമി അതിർത്തി മുതൽ കവ്വായി കടപ്പുറം വരേയും പഞ്ചായത്തിലെ മറ്റൊരു പ്രധാന ദ്വീപായ മാടക്കാലിലെ ചെറിയ പ്രദേശവും ഉൾപ്പെട്ടതാണ് നാലാം വാർഡ്‌. മാടക്കാലിലെ 182 വോട്ടർമാരെ കാണാൻ എത്തുമ്പോൾ മാത്രമാണ്  സ്ഥാനാർഥിക്ക് തോണിയെ ആശ്രയിക്കേണ്ടത്. റോഡുമാർഗ്ഗം എത്തണമെങ്കിലും അൽപ്പദൂരം തോണിയിൽ തന്നെ സഞ്ചരിക്കണം. കടപ്പുറത്തെ സ്ഥാനാർഥിയുടെ വീട്ടിൽ നിന്ന് കടത്ത് തോണി കടന്ന് രാമന്തളി പഞ്ചായത്തിലെത്തിയാൽ , റോഡ് മാർഗം പയ്യന്നൂർ നഗരസഭയിൽ പ്രവേശിച്ച് തൃക്കരിപ്പൂർ പഞ്ചായത്തിലെ ഒളവറ വഴി സ്ഥാനാർഥിക്ക് മാടക്കാലിൽ എത്താം. ഇത്രയും ദൂരം സഞ്ചരിക്കുന്നതി നുപകരം 

അഞ്ചു കിലോമീറ്റർ തുഴയെറിയുന്നതാണ് ഭേദമെന്ന് സ്ഥാനാർത്ഥി പറയുന്നു. 

പുഴയിൽ വലയെറിയുന്ന മത്സ്യത്തൊഴിലാളികളെയും വിവിധ ആവശ്യങ്ങൾക്കായി ഇരുകര താണ്ടുന്ന വോട്ടർമാരെയും ഈ ബോട്ട് യാത്രക്കിടയിൽ കാണാനുമാകും. യു.ഡി.എഫ് സ്ഥാനാർഥിക്ക്  വീട്ടിൽ നിന്ന് ഒരു കിലോമീറ്ററിൽ താഴെ മാത്രമേ മാടക്കാലിലേക്ക് ദൂരമുള്ളൂ.

അശാസ്ത്രീയ വാർഡ് വിഭജനമാണ് സംസ്ഥാനത്തെ ഏറ്റവും വലിയ ദ്വീപ് പഞ്ചായത്തായ വലിയപറമ്പിലെ നാലാം വാർഡിൽ ഇങ്ങനെയൊരു സ്ഥിതി ഉണ്ടാക്കിയത്.

No comments