Breaking News

ഓൺലൈൻ പഠന സൗകര്യമില്ലാതിരുന്ന തൻ്റെ ശിഷ്യർക്ക് ആറോളം ടെലിവിഷനുകൾ നൽകി അധ്യാപക ജീവിതത്തിന് മാതൃകയാവുകയാണ് കോടോംബേളൂർ പനങ്ങാട് എഎൽപി സ്ക്കൂളിലെ വിദ്യ ടീച്ചർ

.

കോടോംബേളൂർ പഞ്ചായത്തിലെ പനങ്ങാട് സരസ്വതി എ എൽ പി സ്ക്കൂളിലെ താൽക്കാലിക അധ്യാപികയും എണ്ണപ്പാറ പാത്തിക്കര സ്വദേശിയുമായ വിദ്യ ടീച്ചറാണ് ഓൺലൈൻ പഠന സൗകര്യമില്ലാതെ വിഷമിച്ചിരുന്ന തൻ്റെ ആറോളം ശിഷ്യർക്ക് ടെലിവിഷനുകൾ നൽകി മാതൃകയായത്. കൂടുതലും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾ പഠിക്കുന്ന സ്കൂളാണ് പനങ്ങാട് സരസ്വതി എ.എൽ.പി സ്ക്കൂൾ. തൻ്റെ പ്രിയ ശിഷ്യരുടെ വിഷമങ്ങൾ തിരിച്ചറിഞ്ഞ വിദ്യ ടീച്ചർ സ്വന്തം പരിമിതികളേയും പ്രയാസങ്ങളേയും വകവെക്കാതെയാണ് സേവന സന്നദ്ധതോടെ വലിയ ദൗത്യം ഏറ്റെടുത്തത്. ഭിന്നശേഷിക്കാരിയായ മകൾ ശിവന്യയുടെ ചികിത്സയും മറ്റുമായി വർഷങ്ങൾ നീളുന്ന ജീവിതദുരിതങ്ങൾ പേറുമ്പോഴും അതിനപ്പുറത്തേക്ക് മറ്റുള്ളവരുടെ വേദനകളെ തിരിച്ചറിഞ്ഞ് കൈത്താങ്ങേകുവാനാണ് ടീച്ചർ ശ്രമിച്ചിട്ടുള്ളത്




പുതിയ കാലഘട്ടത്തിൽ എല്ലാവരും അവനവനിലേക്ക് തന്നെ ചുരുങ്ങിക്കൊണ്ടിരിമ്പോൾ സ്നേഹവും കാരുണ്യവും വറ്റാത്ത ഹൃദയങ്ങൾ ഇന്നും ബാക്കിയുണ്ട് എന്നതിൻ്റെ തെളിവാണ് വിദ്യ ടീച്ചറിനെപ്പോലെയുള്ളവരുടെ സേവനങ്ങളെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുമായ പി.വി ജയരാജൻ പറഞ്ഞു.




വർഷങ്ങളോളം നിർജീവമായി കിടന്നിരുന്ന സ്കൂളിനെ വിദ്യ ടീച്ചറുടെ വരവോടെയാണ് ഇന്ന് കാണുന്ന നിലയിലേക്ക് ഉയർത്തിയത്. കുട്ടികളെ പങ്കാളികളാക്കി സ്വന്തം ശ്രമത്തിലൂടെ ടീച്ചർ നൂറോളം ഗ്രോബാഗ് പച്ചക്കറികൾ വിളയിച്ചെടുത്തതും, കലാരംഗത്ത് കുട്ടികൾക്ക് മികച്ച പ്രകടനം കാഴ്ച്ച വെക്കുവാൻ ചെയ്ത പരിശ്രമങ്ങളും വിദ്യ ടീച്ചറുടെ എടുത്ത് പറയേണ്ട നേട്ടങ്ങളാണ്.




ടീച്ചറുടെ മാതൃകാപരവും പ്രചോദനമേകുന്ന പ്രവർത്തനത്തിന് സ്ക്കൂളിൻ്റെ ആദരവ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വിദ്യ ടീച്ചർക്ക്

സമർപ്പിച്ചു. ചടങ്ങിൽ ആംഗ്യപാട്ട് മത്സരത്തിൽ വിജയിയായ ഒന്നാംതരത്തിലെ ധനുഷിനെയും ആദരിച്ചു.

ശിശുദിന ഭാഗമായി നടത്തിയ കത്തെഴുത്ത് മത്സരത്തിൽ നിന്നും മികച്ചവ തിരഞ്ഞെടുത്ത് തയ്യാറാക്കിയ പുസ്തകം ചടങ്ങിൽ വച്ച് എ ഇ ഒ പി.വി ജയരാജൻ പനങ്ങാട് ജി.യു.പി സ്ക്കൂൾ പ്രധാനധ്യാപകൻ ദിനേശൻ മാസ്റ്റർക്ക് നൽകി പ്രകാശനം ചെയ്തു




ചടങ്ങിൽ പി.ടി.എ എക്സിക്യൂട്ടീവ് അംഗം രത്നാകരൻ കാരാക്കോട് അധ്യക്ഷനായി.

സ്ക്കൂൾ പ്രധാനധ്യാപിക പി.പ്രീത സ്വാഗതം പറഞ്ഞു.

No comments