Breaking News

പതിവ് തെറ്റിക്കാതെ അബ്ദുൾ ഖാദർ ഇത്തവണയും നാട്ടുകാർക്ക് പുത്തരി സദ്യ വിളമ്പി


വെള്ളരിക്കുണ്ട്: മനം നിറച്ച് പുത്തരി സദ്യയുണ്ട് ബളാൽ ഗ്രാമം .അന്യം നിന്നു കൊണ്ടിരിക്കുന്ന നെൽകൃഷി വന്യമൃഗശല്യത്തെയും, പ്രകൃതിക്ഷോഭത്തേയും, കോവിഡ് പ്രതിസന്ധിയേയും അതിജീവിച്ച് നഷ്ട കണക്കുകൾ നോക്കാതെ വർഷം തോറും നെല്ല് വിളയിക്കുന്ന കല്ലൻചിറയിലെ കുഴിങ്ങാട് റ്റി.എം അബ്ദുൾ ഖാദർ എന്ന നാട്ടുകാരുടെ സ്വന്തം അന്തുച്ച താൻ വിളവെടുത്ത നെല്ല് കൊണ്ട് പുത്തരി സദ്യ ഒരുക്കി വിളമ്പിയപ്പോൾ അത് നാടിന്റെ നന്മയുടെ കൂട്ടായ്മയായി മാറി.

എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചാണ് ഈ കർഷകൻ നെൽകൃഷി നടത്തി വരുന്നത്. കഴിഞ്ഞ പ്രളയത്തിൽ വെള്ളം കയറി നെല്ല് കുറച്ച് നശിച്ചു ,കൂടാതെ ഇടയ്ക്ക് കൂട്ടമായി എത്തുന്ന കാട്ടുപന്നികളും കൃഷി നശിപ്പിയ്ക്കുന്നുണ്ട്, കൊറോണക്കാലത്തെ പ്രതിസന്ധികളിൽ തളരാതെ വിളവെടുത്ത നെല്ല് കൊണ്ട് പുത്തരി സദ്യ വച്ച് നാട്ടുകാരെ വിളിച്ച് സ്നേഹത്തോടെ സദ്യ വിളമ്പുന്ന അബ്ദുൾ ഖാദർ പരമ്പരാഗത കർഷകർക്ക് ഉത്തമ മാതൃകയാണ്. വർഷങ്ങളായി മുടങ്ങാതെ പുത്തരി സദ്യ വിളമ്പുന്ന ഈ കർഷൻ്റ ഇത്തവണ ഒരു പ്രത്യേകതയുള്ളത് പഞ്ചായത്ത് മെമ്പർ കൂടി ആയി എന്നതാണ്. ബളാൽ പഞ്ചായത്ത് പതിനാറാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മിന്നുന്ന വിജയം കരസ്ഥമാക്കിയ ഈ കർഷകനായ ജനപ്രതിനിധിക്ക് നാട് നൽകിയ അംഗീകാരം കൂടിയായിരുന്നു അത്. കർഷകൻ്റെ മനസ്സറിയുന്ന ഈ ജനപ്രതിനിധി വരുന്ന അഞ്ച് വർഷക്കാലം കാർഷിക മേഖലയുടെ ഉന്നമനത്തിനും അഭിവൃദ്ധിക്കും വേണ്ടി പ്രവർത്തിക്കും എന്ന് ഉറപ്പിക്കാം.


കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അന്തുച്ച സ്വന്തം വീട്ട് മുറ്റത്തൊരുക്കിയ പുത്തരിസദ്യ പോയ കാല കാർഷിക സമൃദ്ധിയുടെ അടയാളമായി മാറി.

 സദ്യയുടെ ആരംഭത്തിൽ ശർക്കരചോറ് വിളമ്പി 9 കൂട്ടം കറികളുമായി വിഭവ സമൃദ്ധമായിരുന്നു പുത്തരി സദ്യ. പാരമ്പര്യമായി  കിട്ടിയ കൃഷിയെ ലാഭം മോഹിച്ചല്ല മറിച്ച് മണ്ണിനോടും പ്രകൃതിയോടുമുള്ള അടങ്ങാത്ത സ്നേഹമാണ് ഇന്നും കൃഷിയെ ഇദ്ദേഹം പ്രോത്സാഹിപ്പിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം പറഞ്ഞു. വൈസ് പ്രസിഡന്റ് എം.രാധാമണി, മറ്റ് പഞ്ചായത്ത് അംഗങ്ങൾ, വെള്ളരിക്കുണ്ട് തഹസീൽദാർ, സി.ഐ പ്രേംസദൻ, കൃഷി ഓഫീസർ അനിൽ സെബാസ്റ്റ്യൻ, വെള്ളരിക്കുണ്ട് കക്കയം ക്ഷേത്രം പ്രസിഡണ്ട് പി.വി ഭാസ്ക്കരൻ, സെക്രട്ടറി പി.ടി നന്ദകുമാർ, വ്യവസായ പ്രമുഖൻ വി.കെ അസീസ്, എം.പി ജോസഫ്, എ.സി.എ ലത്തീഫ്, തുടങ്ങിയ രാഷ്ട്രീയ സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ പ്രമുഖർ പുത്തരി ഉത്സവ ചടങ്ങിനെത്തി.

No comments