Breaking News

പക്ഷിപ്പനി വരാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് അറിയാം


ആലപ്പുഴ, കോട്ടയം ജില്ലകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ വീണ്ടും ആശങ്കയിലാണ്. പക്ഷികളില്‍ വരുന്ന വൈറല്‍ പനിയാണ് പക്ഷിപ്പനി. ഏവിയന്‍ ഇന്‍ഫ്ളുവന്‍സ വൈറസാണ് (H5N1 വൈറസ്) പനിയ്ക്ക് കാരണമാകുന്നത്. ദേശാടന പക്ഷികളുടെ കാഷ്ഠം വഴിയും വായുവിലൂടെയുമാണ് കൂടുതലും രോഗം പിടിപെടുന്നത്. പക്ഷിപ്പനി വളരെ അപൂര്‍വ്വമായി ചില പ്രത്യേക അനുകൂല സാഹചര്യങ്ങളില്‍ മാത്രം മനുഷ്യരിലേക്ക് പടരാന്‍ സാധ്യതയുണ്ട്.

കോഴി, താറാവ് തുടങ്ങിയ വളര്‍ത്തു പക്ഷികളില്‍ നിന്നാണ് മനുഷ്യരിലേക്ക് പ്രധാനമായും പനി പടരുന്നത്. മുട്ട, മാംസം എന്നിവ നന്നായി പാകം ചെയ്തു കഴിച്ചില്ലെങ്കിലും, രോഗമുള്ളവരുമായി ഇടപഴകുന്നതിലൂടെയും രോഗം പകരാം.


സാധാരണ വൈറല്‍ പനിയുടെ ലക്ഷണങ്ങളാണ് മനുഷ്യരിലേക്ക് പക്ഷിപ്പനി പടര്‍ന്നാലുണ്ടാകുന്നത്. പനിയും ചുമയും തൊണ്ട വീക്കവും ന്യൂമോണിയയും ലക്ഷണങ്ങളാണ്. അപൂര്‍വമായി മാത്രം തലച്ചോറിനെയും ബാധിച്ചേക്കാം. എന്നാല്‍ മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പക്ഷിപ്പനി പടര്‍ന്നതായി റിപ്പോര്‍ട്ടുകളില്ല.

പക്ഷിപ്പനി വരാതിരിയ്ക്കാന്‍ പ്രധാനമായും ശ്രദ്ധിയ്‌ക്കേണ്ട കാര്യങ്ങള്‍

* രോഗം സ്ഥിരീകരിച്ചിട്ടുള്ള സ്ഥലങ്ങളില്‍ നിന്ന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ളതോ രോഗം ബാധിച്ചതോ ചത്തതോ ആയ പക്ഷികളെ കൈകാര്യം ചെയ്യുമ്ബോള്‍ കൈയ്യുറയും മാസ്‌കും ധരിയ്ക്കണം.

* പക്ഷികളെ കൈകാര്യം ചെയ്ത ശേഷം എന്തെങ്കിലും ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടാല്‍ ഉടന്‍ തന്നെ ആരോഗ്യവിദഗ്ധരുമായി ബന്ധപെടുക.

* നിരീക്ഷണ മേഖലയില്‍ പക്ഷികളുടെ മരണം ശ്രദ്ധയില്‍ പെട്ടാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കേണ്ടതാണ്

* കോഴികളുടെ മാംസം (പച്ചമാംസം) കൈകാര്യം ചെയ്യുന്നതിന് മുന്‍പും ശേഷവും സോപ്പും വെള്ളവും ഉപയോഗിച്ച്‌ കൈകള്‍ വൃത്തിയാക്കണം.

* നന്നായി പാചകം ചെയ്ത മാംസവും മുട്ടയും മാത്രം ഉപയോഗിക്കുക

* വ്യക്തിശുചിത്വത്തോടൊപ്പും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക

* ശുചീകരണത്തിനായി 2% സോഡിയം ഹൈഡ്രോക്‌സൈഡ് ലായനി, പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലായനി, കുമ്മായം എന്നിവ ഉപയോഗിക്കാം.

* പകുതി വേവിച്ച മുട്ടകള്‍ ഉദാഹരണത്തിന് ബുള്‍സ്‌ഐ പോലുള്ളവ കഴിയ്ക്കരുത്

* പകുതി വേവിച്ച മാംസവും ഒരിയ്ക്കലും ഭക്ഷിക്കരുത്

* രോഗബാധയേറ്റ പക്ഷികളുള്ള പ്രദേശത്തു നിന്നും ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പക്ഷികളെ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യരുത്

No comments