വെള്ളരിക്കുണ്ടിന് അഭിമാനമായി കൃഷി വകുപ്പിൻ്റെ സംസ്ഥാനതല അവാർഡ്
വെള്ളരിക്കുണ്ട്: (www.malayoramflash.com) സംസ്ഥാന കൃഷിവകുപ്പിൻ്റെ ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന വിഭാഗത്തിലാണ് പാത്തിക്കരയിലെ തടത്തിൽ ഡോളി ജോസഫ് എന്ന അന്നമ്മ ജോസഫിന് സംസ്ഥാന തലത്തിൽ രണ്ടാംസ്ഥാനം നേടിയത്. കഴിഞ്ഞ തവണ ജില്ലാ തലത്തിൽ മികച്ച വനിതാ പച്ചക്കറി കർഷകക്കുള്ള പുരസ്ക്കാരവും ഇവർക്കായിരുന്നു. കൃഷിയെ നെഞ്ചോട് ചേർക്കുന്ന ഇവർ തൻ്റെ അമ്പത്തിയൊൻപതാം വയസിലും കൃഷിയിടത്തിൽ കർമ്മനിരതയാണ്. ഭർത്താവ് മരിച്ച ശേഷം ഒറ്റയ്ക്ക് മണ്ണിനോട് പൊരുതിയാണ് ഡോളി കൃഷിയിൽ വിജയം കൊയ്യുന്നത്. ഇന്ന് ഇവരുടെ കൃഷിയിടത്തിൽ വിളയാത്ത പച്ചക്കറികളില്ല. മൊത്തം ആറ് ഏക്കർ കൃഷിയിടത്തിൽ പയർ, തക്കാളി, ഞരമ്പൻ, പടവലം, വെണ്ട, മത്തൻ, വഴുതിന തുടങ്ങിയ പച്ചക്കറികൾക്ക് പുറമെ പരീക്ഷണടിസ്ഥാനത്തിൽ ചെയ്ത മഞ്ഞുകാല വിളകളായ കോളിഫ്ലവർ, കാബേജ്, തക്കാളി, കാരറ്റ്, ഉള്ളി തുടങ്ങിയവയും ഡോളിയുടെ മഴമറയിൽ വിളയുന്നുണ്ട്. നാല് പശുക്കൾ ഉള്ളതുകൊണ്ട് പാലിന് പുറമെ ചാണകവും ഗോമൂത്രവും കൊണ്ട് സ്വന്തമായി ഉണ്ടാക്കുന്ന ജൈവവളവും ജൈവ കീടനാശിനിയുമാണ് ഇവർ വിളകൾക്ക് ഉപയോഗിക്കുന്നത്.
കൂടാതെ തെങ്ങിൻ തോപ്പിനിടയിൽ കരനെൽ കൃഷി നടത്തി നൂറ് മേനി വിളയിക്കുന്നുണ്ട് ഈ കർഷക.
തെങ്ങിന് തടമെടുക്കലും, തേങ്ങയിടലും, ടാപ്പിംഗും, കറവയും, കിളയ്ക്കലും കുഴിയെടുക്കലും എന്നുവേണ്ട കൃഷിയിടത്തിലെ എല്ലാ കാര്യങ്ങളും പരസഹായം ഇല്ലാതെ സ്വന്തമായാണ് ഡോളി ചെയ്യുന്നത്.
ഈ മുഴുവൻ സമയ കർഷകയെ തേടി ഇത്തവണ കൃഷി വകുപ്പിൻ്റെ സംസ്ഥാനതല അവാർഡ് തേടിയെത്തിയത് നാടിന് അഭിമാനകരമായ നേട്ടം തന്നെയാണ്. ©️www.malayoramflash.com
✒️- ചന്ദ്രുവെള്ളരിക്കുണ്ട്

No comments