Breaking News

മാസ്റ്റർ ഇറങ്ങി ; പത്തുമാസത്തെ ഇടവേളയ്ക്ക് ശേഷം തിയറ്ററുകൾ തുറന്നു



ചെന്നൈ: വിജയ് നായകനായ ലോകേഷ് കനകരാജ് ചിത്രം മാസ്റ്റർ തമിഴ്നാട്ടിലെ തിയറ്ററുകളിലെത്തി. രാവിലെ നാലുമണിക്കായിരുന്നു ആദ്യ ഷോ. ‌ഇന്നലെ രാത്രി മുതൽ തിയറ്ററുകൾക്ക് മുന്നിൽ ഉറങ്ങാതെ കാത്തുനിൽക്കുകയായിരുന്നു. കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും ആഘോഷങ്ങൾക്ക് കുറവുണ്ടായില്ല. ടിക്കറ്റുകളെല്ലാം നേരത്തെ വിറ്റുപോയിരുന്നു. 50 ശതമാനം സീറ്റുകളിലാണ് പ്രേക്ഷകർക്ക് പ്രവേശനം അനുവദിച്ചിരുന്നത്.

പ്രത്യേക പ്രദർശനങ്ങൾ അനുവദിച്ചതിനാൽ പുലർച്ചെ 4 മണിക്ക് ആദ്യ ഷോ തുടങ്ങി. ചെന്നൈയിലെ തീയറ്ററുകളിലെ ആരാധകർ തലേദിവസം രാത്രി മുതൽ ആഘോഷത്തിൽ പങ്കെടുത്തു. തിരുനെൽവേലി, കോയമ്പത്തൂർ, സേലം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ആരാധകർ രാത്രി മുതൽ തിയറ്ററുകളിലേക്ക് ഒഴുകിയെത്തി. കോയമ്പത്തൂരിൽ ആരാധകർ കേക്ക് മുറിച്ച് ആഘോഷത്തിൽ പങ്കുചേർന്നു. കോവിഡ് നിയന്ത്രണങ്ങൾ കാരണം ആഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു.

മാസ്റ്റർ കഴിഞ്ഞ വർഷം തന്നെ തിയറ്ററുകളിലെത്തിക്കാൻ തീരുമാനിച്ചിരുന്നതാണ്. എന്നാൽ കോവിഡ് കാരണം ചിത്രത്തിന്റെ റിലീസ് വൈകി. ഒടുവിൽ ഏറെ കാത്തിരിപ്പിനൊടുവിൽ പൊങ്കലിന്റെ തലേദിവസം തന്നെ മാസ്റ്റർ പുറത്തിറങ്ങി. ഇളയദളപതിയുടെ പുതിയ ചിത്രത്തിനായി വിജയ് ആരാധകർ മാത്രമല്ല, സിനിമാലോകം ഒന്നാകെ പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു.


കോവിഡ് മഹാമാരിയുടെ വ്യാപനത്തെ തുടർന്ന് തിയറ്ററുകൾ അടച്ചതോടെ പ്രതിസന്ധിയിലായ സിനിമാവ്യവസായത്തിന് പുതുജീവൻ പകർന്നു കൊണ്ടാണ് 'മാസ്റ്റർ' എത്തുന്നത്. ലോക്ക്ഡൗണിനു ശേഷം റിലീസ് ചെയ്യുന്ന സൂപ്പർസ്റ്റാർ ചിത്രം എന്ന വിശേഷണവും മാസ്റ്ററിന് സ്വന്തം. മദ്യപാനിയും കോളജ് അധ്യാപകനുമായ ജെ ഡി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ വിജയ് അവതരിപ്പിക്കുന്നത്. സാധാരണ ക്യാമ്പസ് സിനിമകൾ, കുഴപ്പങ്ങൾ സൃഷ്ടിക്കുന്ന വിദ്യാർത്ഥികളുടെ കഥ പറയുമ്പോൾ മാസ്റ്റർ പറയുന്നത് കുഴപ്പങ്ങൾ സൃഷ്ടിക്കുന്ന ഒരു അധ്യാപകന്റെ കഥയാണ്. ചിത്രത്തിൽ വില്ലനായി വിജയ് സേതുപതിയും എത്തുന്നുണ്ട്.

ചിത്രത്തിൽ വിജയിനും വിജയ് സേതുപതിയ്ക്കും ഒപ്പം മാളവിക മോഹനൻ, അർജുൻ ദാസ്, ആൻഡ്രിയ ജെറമിയ, ശന്തനു ഭാഗ്യരാജ് എന്നിവരും വേഷമിടുന്നു. ചിത്രം നിർമ്മിക്കുന്നത് എക്സ് ബി ഫിലിം ക്രിയേറ്ററും സെവൻ സ്ക്രീൻ സ്റ്റുഡിയോസും ചേർന്നാണ്. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ജനുവരി 14ന് റിലീസ് ചെയ്യും.

പത്ത് മാസത്തെ ഇടവേളക്ക് ശേഷം കേരളത്തിലെ തിയറ്ററുകളും ഇന്ന് തുറക്കുകയാണ്. മാസ്റ്റര്‍ ആണ് റിലീസ് ചെയ്യുന്ന ആദ്യ ചിത്രം. സിനിമ മേഖല ഉന്നയിച്ച വിവിധ പ്രശ്‌നങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ അനുകൂലനിലപാടെടുത്തതോടെയാണ് തീയറ്ററുകൾ തുറക്കാനായത്. രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ 3 ഷോ എന്ന നിലയിലായിരിക്കും തിയറ്ററുകള്‍ പ്രവർത്തിക്കുക. ശുചീകരണം പൂർത്തിയാക്കി, ഒന്നിടവിട്ട സീറ്റുകൾ അടച്ച് കെട്ടിയാകും കോവിഡ് കാലത്തെ പ്രദർശനം. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി അണുവിമുക്തമാക്കിയും തിയറ്ററുകൾ പ്രേക്ഷകരെ കാത്തിരിക്കുകയാണ്.

No comments