Breaking News

വിദേശ രാജ്യങ്ങളില്‍നിന്ന് ജില്ലയിലെത്തുന്നവര്‍ ഒരാഴ്ച റൂം ക്വാറന്റൈനില്‍ കഴിയണം: ജില്ലാ കളക്ടർ


ഇംഗ്ലണ്ടില്‍ നിന്നും ഇറ്റലിയില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ജില്ലയിലെത്തുന്നവര്‍ ഏഴ് ദിവസം റൂം ക്വാറന്റൈനില്‍ കഴിയണം.  എട്ടാം ദിവസം ഇവര്‍ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് വിധേയരാകണം. രോഗലക്ഷണങ്ങളുള്ളവര്‍ തൊട്ടടുത്ത പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടര്‍മാരെ കാണണമെന്നും ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു പറഞ്ഞു. ജില്ലാ കോറോണ കോര്‍ കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍. ജില്ലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സാമ്പിള്‍ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കുവാന്‍ ജില്ലാതല കൊറോണ കോര്‍ കമ്മറ്റിയോഗം തീരുമാനിച്ചു. പഞ്ചായത്ത്, മുനിസിപ്പാലിറ്റി തലത്തില്‍ പ്രതിദിനം 100 പേര്‍ക്ക് വീതം ടെസ്റ്റ് നടത്തും. ആറ് പ്രവര്‍ത്തി ദിവസങ്ങളില്‍ തുടര്‍ച്ചയായി പരിശോധന തുടരും.  മൂന്ന് ആഴ്ച ഈ പ്രവര്‍ത്തനം തുടരും. 18 ദിവസത്തില്‍ ഏറ്റവും അധികം പരിശോധന നടത്തുന്ന പഞ്ചായത്ത്, മുനിസിപ്പാലിറ്റികള്‍ക്ക് പ്രശസ്തി പത്രം വിതരണം ചെയ്യും. ഈ പ്രവര്‍ത്തനത്തില്‍ ഒന്നാമതെത്തുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് ജില്ലാ കളക്ടര്‍  ട്രോഫി സമ്മാനിക്കും. 



വ്യാപാര സ്ഥാപനങ്ങളില്‍ നിയന്ത്രണങ്ങള്‍ക്ക് വിരുദ്ധമായി മാസ്‌കും ഗ്ലൗസും ഉപയോഗിക്കാത്തതും എ.സി ഉപയോഗിക്കുന്നതും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മാസ്‌ക്ക് ധരിക്കാത്തവര്‍ക്കെതിരെ പകര്‍ച്ച വ്യാധി നിയന്ത്രണ നിയമ പ്രകാരം കേസെടുക്കുമെന്നും ജില്ലാ പൊലീസ് മേധാവി.ഡി.ശില്‍പ, അറിയിച്ചു.


എസ്.എസ്.എല്‍.സി പ്ലസ്ടു ക്ലാസുകള്‍ ആരംഭിക്കുന്ന സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് കളക്ടര്‍ അറിയിച്ചു. എസ്.എസ്.എല്‍.സി പ്ലസ്ടു അധ്യാപകര്‍ കോവിഡ് ടെസ്റ്റിന് വിധേയരാകണമെന്ന് ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. 


ജില്ലയിലെ സ്വകാര്യ ബസ്സുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ പാസ് നിര്‍ബന്ധമായും അനുവദിക്കണമെന്നും അല്ലാത്ത പക്ഷം കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ റീജിണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി. എ.ഡി.എം എന്‍.ദേവീദാസ്, ആര്‍.ഡി.ഒ വി.ജി ഷംസുദ്ദീന്‍,  ഡി എം ഒ ഡോ എ വി രാംദാസ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

No comments