ചിത്രകല അഭ്യസിക്കുന്ന ജയിൽ തടവുകാർ കണ്ണൂർ സെൻട്രൽ ജയിലിന്റെ പ്രധാന പ്രവേശന കവാടത്തിനു സമീപം വരച്ച പെയിന്റിങ് ജയിൽ ഡിജിപി ഋഷിരാജ് സിങ് അനാഛാദനം ചെയ്യുന്നു
കണ്ണൂർ∙ സെൻട്രൽ ജയിലിലേക്ക് ഇനി സ്വാഗതം ചെയ്യുക കേരളത്തിന്റെ സാംസ്കാരികത്തനിമ വിളിച്ചോതുന്ന കൂറ്റൻ മ്യൂറൽ പെയിന്റിങ്. തെയ്യത്തിനു പ്രാധാന്യം നൽകിയുള്ള പെയിന്റിങ്ങിൽ കഥകളിയും വള്ളംകളിയും മോഹിനിയാട്ടവും കടലുമെല്ലാമുണ്ട്.
ജയിലിൽ തടവുകാരെ ചിത്രകല അഭ്യസിപ്പിക്കുന്ന മാഹി ഈസ്റ്റ് പള്ളൂർ സ്വദേശിനി സുലോചനയാണു സഹപ്രവർത്തകരായ ആതിര ഉണ്ണി, തമ്പാൻ പെരുന്തട്ട, പ്രീത പത്മനാഭൻ, സജിത സുരേഷ് എന്നിവരുടെ സഹായത്തോടെ രണ്ടുദിവസമെടുത്തു പെയിന്റിങ് പൂർത്തിയാക്കിയത്.
സെൻട്രൽ ജയിലിന്റെ പ്രധാന പ്രവേശന കവാടത്തിനു സമീപത്തെ ചെങ്കൽഭിത്തിയിലെ കലാവിഷ്കാരത്തിനു ജയിലിൽ സുലോചനയ്ക്കു കീഴിൽ ചിത്രകല പരിശീലിച്ച അഞ്ചു തടവുകാരുടെ സഹായവുമുണ്ടായിരുന്നു. വർണയജ്‌ഞം എന്ന പേരിലാണ് 20 മീറ്റർ നീളത്തിൽ പെയിന്റിങ് ഒരുക്കിയത്. രണ്ടുവർഷമായി ജയിലിൽ സൗജന്യമായി ചിത്രകല പരിശീലിപ്പിക്കുകയായിരുന്നു സുലോചന.
കോവിഡ് പശ്ചാത്തലത്തിൽ ഒരിടവേള വന്നു. പരിശീലനം പുനരാരംഭിക്കുന്നതിനു മുന്നോടിയായാണു കൂറ്റൻ മ്യൂറൽ പെയിന്റിങ് ചെയ്തത്. ജയിൽ ഡിജിപി ഋഷിരാജ് സിങ് പെയിന്റിങ് അനാഛാദനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ, ജയിൽ ഡിഐജി എം.കെ.വിനോദ്കുമാർ, സെൻട്രൽ ജയിൽ സൂപ്രണ്ട് ടി.ബാബുരാജൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
No comments