Breaking News

മലയോര ഹൈവേ വഴി വാണിയപ്പാറയിൽ നിന്ന് ചെറുപുഴ വഴി കാഞ്ഞങ്ങാട്ടേക്ക് കെ.എസ്.ആർ.ടി.സി സർവീസ്


ഇരിട്ടി: മലയോരഹൈവേ യാഥാർഥ്യമായതോടെ വാണിയപ്പാറയിൽ നിന്നും മലയോരമേഖലയിലെ വിവിധപ്രദേശങ്ങളെ ബന്ധപ്പെടുത്തി കാഞ്ഞങ്ങാട്ടേക്ക് കെ.എസ്.ആർ.ടി.സി. ബസ് സർവീസ് തുടങ്ങി. മേഖലയിലെ ഗതാഗത പ്രതിസന്ധിക്ക് ഒരു പരിധിവരെ പരിഹാരമാകുന്ന രീതിയാണ് ക്രമീകരിച്ചിരിക്കുന്നത്. ഇരിട്ടി ഉൾപ്പെടെ കർണാടകയുമായി അതിർത്തിപങ്കിടുന്ന മലയോരപ്രദേശങ്ങളെ എളുപ്പത്തിൽ കാസർകോട് ജില്ലയുമായി ബന്ധിപ്പിക്കാൻ കഴിയുന്നതാണ് പുതുതായി അനുവദിച്ച സർവീസ്.


വാണിയപ്പാറയിൽനിന്ന്‌ തുടങ്ങി കരിക്കോട്ടക്കരി, എടൂർ, ഇരിട്ടി, ഉളിക്കൽ, ചെമ്പേരി, ആലക്കോട് , ചെറുപുഴ, ചിറ്റാരിക്കാൽ, വെള്ളരിക്കുണ്ട്, ഒടയൻചാൽ വഴി കാഞ്ഞങ്ങാട്ടേക്കാണ് ബസ് സർവീസ് നടത്തുക. പുലർച്ചെ 5.40-ന് വാണിയപ്പാറയിൽനിന്നും സർവീസ് ആരംഭിക്കുന്ന ബസ് 11.30-ഓടെ കാഞ്ഞങ്ങാടെത്തും. വീണ്ടും അവിടെനിന്നും തിരിച്ച് 2.30-ന്‌ സർവീസ് തുടങ്ങി വൈകീട്ട് 7.15-ന് വാണിയപ്പാറയിൽ തിരിച്ചെത്തുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.


ബസിന്റെ ആദ്യ സർവീസ് കരിക്കോട്ടക്കരിയിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയി കുര്യൻ ഉദ്ഘാടനം ചെയ്തു. അയ്യംകുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളി കുന്നേൽ അധ്യക്ഷതവഹിച്ചു.


ഫാ. ആൻറണി പുന്നൂർ, ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി.രാജേഷ്, പഞ്ചായത്ത് അംഗങ്ങളായ സിബി വാഴക്കാല, ജോസഫ് വട്ടുകുളം, സീമ സനോജ്, വിവിധ രാഷ്ടീയകക്ഷിനേതാക്കളായ ബിജു വർഗീസ്, അഡ്വ. മനോജ് കണ്ടത്തിൽ, എൻ.പി.ജോസഫ്, ജോണി കാവുങ്കൽ, കെ.സി.ജേക്കബ് മാസ്റ്റർ, എൻ.പി.തോമസ് , ആന്റണി മേച്ചേരിക്കുന്നേൽ തുടങ്ങിയവർ സംസാരിച്ചു. ബസ് ജീവനക്കാരെ പഞ്ചായത്ത് പ്രസിഡൻറുമാർ ആദരിച്ചു.

No comments