Breaking News

റോഡ് നിർമ്മാണത്തിലെ അനാസ്ഥ; വരഞ്ഞൂർ-ബാനം റോഡ് നാട്ടുകാർ ഉപരോധിച്ചു


പരപ്പ: 28 കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗപ്പെടുത്തി രണ്ട് വർഷം മുമ്പ് പ്രവർത്തി ആരംഭിച്ച വരഞ്ഞൂർ-ബാനം-കമ്മാടം റോഡ് ഇതുവരെ പൂർത്തീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് നാട്ടുകാരുടെ നേതൃത്വത്തിൽ ബുധനാഴ്ച്ച റോഡ് ഉപരോധിച്ചത്. മൊത്തം പത്ത് കിലോമീറ്ററോളം ടാറിംഗ് പ്രവർത്തി നടത്തേണ്ടിടത്ത് 6 കിലോമീറ്റർ മാത്രമാണ് 2 വർഷം കൊണ്ട് പൂർത്തീകരിച്ചത് നാല് കിലോമീറ്ററോളം റോഡ് മുഴുവൻ കിളച്ചിട്ട അവസ്ഥയിലാണുള്ളത് ഇത് മൂലം പരിസരവാസികൾ പൊടി തിന്ന് മടുത്തിരിക്കുകയാണ്. ഉദ്യോഗസ്ഥരുടേയും കരാറുകാരൻ്റേയും അനാസ്ഥയാണ് റോഡ് പ്രവർത്തി നീണ്ടുപോവാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. റോഡ് പ്രവൃത്തിയുടെ മെല്ലെപ്പോക്കിനെതിരെ രാഷ്ട്രീയ കക്ഷിഭേദമന്യേ നാട്ടുകാരും ജനപ്രതിനിധികളും ഉൾപ്പടെ സംഘടിച്ചാണ് ഉപരോധസമരം നടത്തിയത്. റോഡ് ആരംഭിക്കുന്ന കമ്മാടത്ത് നടന്ന ഉപരോധസമരം പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഭൂപേഷ് ബാനം ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം അബ്ദുൾ നാസർ അധ്യക്ഷത വഹിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി.വി ചന്ദ്രൻ, കോടോംബേളൂർ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.ഗോപാലൻ, ഏ.ആർ രാജു, പ്രമോദ് വെള്ളരിക്കുണ്ട് തുടങ്ങിയവർ സംസാരിച്ചു. മനോജ് സ്വാഗതം പറഞ്ഞു. ഒരു മണിക്കൂറോളം റോഡ് ഉപരോധം നടന്നു.

No comments