കള്ള് വ്യവസായികളുടെ 3 കോടി കുടിശ്ശിക എഴുതി തളളിയത് വഞ്ചനാപരം: ദേശീയ കള്ള് ചെത്ത് വ്യവസായ തൊഴിലാളി ഫെഡറേഷൻ(ഐ.എൻ.ടി.യു.സി) ജില്ല കമ്മറ്റി കാഞ്ഞങ്ങാട്ട് മാർച്ചും ധർണ്ണയും നടത്തി
കാഞ്ഞങ്ങാട്: ചെത്ത് തൊഴിലാളികളുടെ മകൻ എന്ന് അഭിമാനം കൊള്ളുന്ന മുഖ്യമന്ത്രി പിണറായി വിജയൻ തലശ്ശേരി റെയിഞ്ചിലെ കള്ളുഷാപ്പ് മുതലാളിമാരെ സഹായിക്കുന്ന നിലപാട് എടുത്തത് അങ്ങേയറ്റം തൊഴിലാളി വിരുദ്ധമാണെന്ന് ഐ.എൻ.ടി.യു.സി.ജില്ല പ്രസിഡണ്ടും ദേശീയ കളളുചെത്ത് വ്യവസായ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ പി.ജി.ദേവ് കുറ്റപ്പെടുത്തി. ദേശീയ കള്ള് ചെത്ത് വ്യവസായ തൊഴിലാളി ഫെഡറേഷൻ ( ഐ.എൻ.ടി.യു.സി.) ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ജില്ല കാര്യലയത്തിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചും ധർണ്ണയും ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തലശ്ശേരി മേഖലയിൽ രാഷ്ടീയ സംഘർഷം മൂലം 1991 മുതൽ 2001 വരെ പത്തു വർഷക്കാലം കള്ള് ഷാപ്പുകൾ നഷ്ടത്തിലായിരുന്നു എന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണ്. തുടർച്ചയായി പത്തു വർഷക്കാലത്തേയ്ക്ക് കള്ളു ഷാപ്പുകൾ കേരളത്തിലെ ഒരു ഗവൺമെന്റുകളും ലേലം ചെയ്ത് കൊടുത്തിട്ടില്ല, ചെത്ത് തൊഴിലാളിയുടെ മകനായതിൽ അഭിമാനം കൊള്ളുന്ന മുഖ്യമന്ത്രി തൊഴിലാളി വിരുദ്ധ സമീപനം സ്വീകരിച്ചപ്പോൾ ഐ.എൻ.ടി.യു.സിയും എ.ഐ.ടി.യു.സിയും അതിനെ എതിർത്തു. എന്നാൽ കേരളത്തിലെ ഭൂരിപക്ഷം തൊഴിലാളികളുടെ സി.ഐ.ടി.യു. അനുകൂലമായ തീരുമാനം എടുത്തത് കടുത്ത തൊഴിലാളി വഞ്ചനയാണെന്നും പി.ജി.ദേവ് ആരോപിച്ചു. ഫെഡറേഷൻ ജില്ല പ്രസിഡണ്ട് തോമസ് സെബാസ്റ്റിയൻ അദ്ധ്യക്ഷനായി.
മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കെ.പി. ബാലകൃഷ്ണൻ, ഐ.എൻ.ടി.യു.സി.ജില്ല ഭാരവാഹികളായ ടി.വി.കുഞ്ഞിരാമൻ,പി.വി.ഉദയകുമാർ,പി.വി.ബാലകൃഷ്ണൻ,സേവദൾ സംസ്ഥാന സെക്രട്ടറി സ്കറിയ തോമസ് തുടങ്ങിയവർ സംസാരിച്ചു.
യൂണിയൻ ജില്ല സെക്രട്ടറി പി.ജെ.ജോസഫ് സ്വാഗതവും, പ്രകാശ് മാത്യു നന്ദിയും പറഞ്ഞു.

No comments