Breaking News

സാന്ത്വന സ്പര്‍ശമേകി മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്ത്.. മാലോം കാറ്റാംകവലയിലെ ആദിദേവിന്റെ ചികില്‍സയ്ക്ക് ഇനി റേഷന്‍ കാര്‍ഡ് തടസ്സമാവില്ല


വെള്ളരിക്കുണ്ട്: (www.malayoramflash.com) മാലോം കാറ്റാംകവല പട്ടികവര്‍ഗ കോളനിയിലെ അശ്വതിക്കും രാജേഷിനും മകന്‍ ആദിദേവിന്റെ ജന്‍മനായുള്ള ദുരിതത്തിന് ചികിത്സ തേടാന്‍ റേഷന്‍ കാര്‍ഡും കൈവശാവകാശ സര്‍ട്ടിഫിക്കറ്റും ആധാരവും  സ്വന്തമായി.  ഇവര്‍ക്ക് അനുവദിച്ച റേഷന്‍ കാര്‍ഡും മറ്റ് സര്‍ട്ടഫിക്കറ്റുകളും  കാഞ്ഞങ്ങാട് നടന്ന മുഖ്യമന്ത്രിയുടെ  സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്തില്‍ മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, കെ കെ ശൈലജ ടീച്ചര്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന്  കുടുംബത്തിന് കൈമാറി.  ജന്മനാ മലമൂത്ര വിസര്‍ജന അവയവങ്ങളില്ലാതെ പിറന്ന ഈ ഒന്നര വയസ്സുകാരന്റെ ചികിത്സയ്ക്ക് സര്‍ക്കാരിന്റെ വിവിധ ചികിത്സാ ആനുകൂല്യങ്ങള്‍  ലഭ്യമാകും. കുട്ടിയുടെ ചികിത്സ സംബന്ധിച്ച കാര്യങ്ങളില്‍ നടപടിയെടുക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി.

ജനുവരി 31 ന്  നടന്ന ഭീമനടിയിലെ വില്ലേജ് ക്വാര്‍ട്ടേഴ്‌സ് ഉദ്ഘാടനത്തിന് റവന്യു മന്ത്രിയും കളക്ടറും പങ്കെടുക്കുന്ന വിവരമറിഞ്ഞ് അശ്വതിയും കുടുംബവും എത്തിയിരുന്നു. കുട്ടിയുടെ ചികിത്സ സംബന്ധിച്ച സഹായത്തിനും റേഷന്‍ കാര്‍ഡ്  ലഭിക്കുന്നതിനും സഹായമഭ്യര്‍ഥിച്ച് എത്തിയതായിരുന്നു ഇവര്‍. ഇവരുടെ നിത്യയാതനകള്‍ അറിഞ്ഞ ജില്ലാ കളക്ടര്‍ ഡോ ഡി. സജിത് ബാബു ഒരാഴ്ചക്കുള്ളില്‍ ആധാരം, ഭൂനികുതി രസീത് നമ്പര്‍ എന്നിവ ബന്ധപ്പെട്ട വകുപ്പുകളുടെ  സഹായത്തോടെ ലഭ്യമാക്കാന്‍ വെള്ളരിക്കുണ്ട് തഹസില്‍ദാറോട് നിര്‍ദേശിച്ചിരുന്നു. റേഷന്‍ കാര്‍ഡ് കിട്ടാനാവശ്യമായ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഒരു ക്ലര്‍ക്കിനെ കളക്ടര്‍ പ്രത്യേകം നിയോഗിച്ചിരുന്നു. അദാലത്തില്‍ നിന്ന് നിറഞ്ഞ സന്തോഷത്തോടെയാണ് അശ്വതിയും കുടുംബവും യാത്രയായത്.

No comments