കൂട്ടുകാരനെ പറ്റിക്കാൻ അടിവസ്ത്രം മോഷ്ടിച്ച് ധരിച്ചു; കോപാകുലനായ യുവാവ് സഹപ്രവർത്തകനെ കുത്തിക്കൊന്നു
കാൺപൂർ: അടിവസ്ത്രം മോഷ്ടിച്ച് ധരിച്ച സഹപ്രവർത്തകനെ യുവാവ് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. കാൺപൂരിലെ ദേഹാത് ജില്ലയിലുള്ള ഫാക്ടറി ജീവനക്കാരനാണ് സഹപ്രവർത്തകനെ കൊലപ്പെടുത്തിയത്.
ബാന്ദ സ്വദേശിയായ അജയ് കുമാർ എന്നയാളാണ് സഹപ്രവർത്തകനായ വിവേക് ശുക്ലയെ കൊലപ്പെടുത്തിയത്. ഇരുവരും ഒരേ മുറിയിലായിരുന്നു താമസിച്ചിരുന്നത്. ഫാക്ടറി ജീവനക്കാർക്കായി നൽകിയിരുന്ന കോർട്ടേസിലായിരുന്നു ഇരുവരുടേയും താമസം.
അജയ് കുമാറിനെ കബളിപ്പിക്കാനായി വിവേക് കുമാർ അടിവസ്ത്രം മോഷ്ടിച്ച് ധരിക്കുകയായിരുന്നു. എന്നാൽ മുറിയിൽ എത്തിയ കുമാർ ഇക്കാര്യം അറിഞ്ഞതോടെ കോപാകുലനായി. ഇതോടെ വിവേകുമായി വാക്കുതർക്കമുണ്ടായി.
"മുറിയിൽ തിരിച്ചെത്തിയ കുമാർ തന്റെ അടിവസ്ത്രം വിവേക് ധരിച്ചെന്നറിഞ്ഞതോടെ കോപാകുലനായി ഇരുവരും തമ്മിൽ വഴക്കായി" എന്ന് മുറിയിലുണ്ടായിരുന്ന മറ്റുള്ളവർ പറയുന്നു. വഴക്ക് മൂർച്ഛിച്ചതോടെ കുമാർ കറിക്കത്തിയെടുത്ത് വിവേകിനെ തുടർച്ചയായി കുത്തുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ വിവേകിനെ മുറിയിൽ ഉപേക്ഷിച്ച് കുമാർ ഓടി രക്ഷപ്പെട്ടെന്നും മുറിയിലുള്ളവർ പറയുന്നു. മുറിയിലുള്ള മറ്റുള്ളവർ ചേർന്നാണ് വിവേകിനെ ആശുപത്രിയിൽ എത്തിച്ചത്. അടുത്തുള്ള ആശുപത്രിയിൽ എത്തിച്ച വിവേകിനെ ഉടൻ തന്നെ കാൺപൂരിലുള്ള ലാലാ ലജ്പത് റായ് ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് തന്നെ വിവേക് മരിച്ചതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
കുമാറിനെതിരെ കൊലപാതകം അടക്കമുള്ള വകുപ്പുകൾ ചേർത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിന് ശേഷം ഓടിപ്പോയ കുമാറിനെ കണ്ടെത്താൻ വിവിധ സംഘങ്ങളായി പൊലീസ് തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്. ഇതിനിടയിൽ ഫാക്ടറി ഉടമയേയും മറ്റ് ജീവനക്കാരേയും പൊലീസ് ചോദ്യം ചെയ്തു.

No comments