ടാറിംഗ് കഴിഞ്ഞ് ഒറ്റ ദിവസം കൊണ്ട് റോഡ് പൊട്ടിപ്പൊളിഞ്ഞു അട്ടേങ്ങാനം-നായ്ക്കയം റോഡിൽ പ്രതിഷേധവുമായി നാട്ടുകാർ
അട്ടേങ്ങാനം: റീ ടാറിങ് പൂർത്തിയാക്കി ഒരുദിവസത്തിനകം റോഡ് പൊട്ടിപ്പൊളിഞ്ഞു. കരാറുകാരനെക്കൊണ്ട് വീണ്ടും കൃത്യമായി ടാർ ചെയ്യിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ.
കോടോം-ബേളൂർ പഞ്ചായത്തിലെ അട്ടേങ്ങാനം-നായ്ക്കയം റോഡാണ് ടാറിട്ട് ഒരുദിവസം കഴിയുമ്പോഴേക്കും തകർന്നത്.
10 ലക്ഷം രൂപ ചെലവിൽ ബേളൂർ ക്ഷേത്രപാലകക്ഷേത്രത്തിന് സമീപം മുതൽ 776 മീറ്റർ ഭാഗമാണ് 3.80 മീറ്റർ വീതിയിൽ റീടാറിട്ടത്.
കഴിഞ്ഞദിവസമാണ് ടാറിടൽ പൂർത്തിയാക്കിയത്. എന്നാൽ ഒരുദിവസം പിന്നിടുമ്പോഴേക്കും ടാറിട്ട ഭാഗത്തെ പല സ്ഥലങ്ങളിലും ഇളകിയ നിലയിലാണ്. ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പഞ്ചായത്തംഗം പി.ഗോപിയെയും പഞ്ചായത്ത് അധികൃതരെയും വിവരമറിയിച്ചു. തുടർന്ന് അസി. എൻജിനീയർ കെ.കെ.സന്തോഷ് സ്ഥലത്തെത്തി പരിശോധന നടത്തി. ടാറിടാൻ ഉപയോഗിച്ച മിശ്രിതത്തിലെ അപാകമാണ് റോഡ് ഇളകിവരാൻ കാരണമെന്നും കരാറുകാരനെക്കൊണ്ട് അടുത്ത ദിവസം തന്നെ വീണ്ടും ഈ ഭാഗത്ത് ടാറിടാൻ നടപടിയെടുക്കുമെന്നും അറിയിച്ചതിനെത്തുടർന്നാണ് നാട്ടുകാർ പിരിഞ്ഞുപോയത്.

No comments