വാളയാർ കേസ്; അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി
എറണാകുളം:വാളയാര്‍ കേസിലെ രേഖകള്‍ 10 ദിവസത്തിനകം സിബിഐക്ക് കൈമാറാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ഹൈക്കോടതി. എത്രയും പെട്ടന്ന് സിബിഐ അന്വേഷണം ഏറ്റെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഇനിയും ഈ അന്വേഷണം ഏറ്റെടുക്കുന്നത് വൈകിയാല്‍ അത് കേസിനെ ദോഷകരമായി ബാധിക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു.
കേസ് സിബിഐ ഏറ്റെടുത്താല്‍ ഉടന്‍ തന്നെ കേസുമായി ബന്ധപ്പെട്ട രേഖകളും തെളിവുകളും സംസ്ഥാന സര്‍ക്കാര്‍ സിബിഐക്ക് കൈമാറണം. സിബിഐക്ക് വേണ്ട എല്ലാ സഹായ സഹകരണങ്ങളും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാവണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് വിജി അരുണിന്റെ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. തിരുവന്തപുരം സിബിഐ യൂണിറ്റ് എസ്പിയെയാണ് ചുമതല കോടതി ഏല്‍പ്പിച്ചിരിക്കുന്നത്.
സിബിഐ അന്വേഷണത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ വിജ്ഞാപനത്തില്‍ അപാകതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ഹൈക്കോടതി സമീപിച്ചത്. ഈ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
സിബിഐയ്ക്ക് ആവശ്യമായ എല്ലാ രേഖകളും ഇതിനോടകം കൈമാറിയിട്ടുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. കേസന്വേഷണത്തിന് ആവശ്യമായ എല്ലാ സഹകരണങ്ങളും സിബിഐക്ക് നല്‍കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
No comments