Breaking News

കാനംവയലിൽ വെടിയേറ്റ് വയോധികൻ മരിച്ച സംഭവം; പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതം


ചെറുപുഴ: അയൽക്കാരനെ വെടിവെച്ചുകൊന്ന കേസിലെ പ്രതി വാടാതുരുത്തേൽ ടോമിയെ പിടികൂടാന്‍ പോലീസ് അന്വേഷണം ശക്തമാക്കി.ടോമി വനത്തിനുള്ളിലേക്ക്കടന്നതായി സംശയിച്ച് നാട്ടുകാർ തിരച്ചിൽ നടത്തി. വ്യാഴാഴ്ച വൈകിട്ട് തോക്കുമായി ഇയാളെ വനത്തിൽ കണ്ടുവെങ്കിലും, നാട്ടുകാരെ കണ്ട ഉടനെ ഇയാൾ ഉൾവനത്തിലേക്ക് കടന്നതായി പറയുന്നു.പയ്യന്നൂർ ഡിവൈ.എസ്.പി. എം. സുനിൽ കുമാർ, ചെറുപുഴ സ്റ്റേഷൻ ഇൻസ്പെക്ടർ കെ.വി.ഉണ്ണികൃഷ്ണൻ, എസ്.ഐ. എം.പി.വിജയകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

കൊടുംവനമായ കർണാടക റിസർവ് വനത്തിൽ നിന്ന് 50 മീറ്റർ മാത്രം മാറി കേരളാതിർത്തിയിൽ ചെറിയ ഓടിട്ട വീട്ടിലാണ് ടോമിയുടെ താമസം.കർണാടക സ്വദേശിയായ ഭാര്യയും രണ്ട് ആൺകുട്ടികളും 12 വർഷം മുൻപ് ഇയാളെ ഉപേക്ഷിച്ചുപോയിരുന്നു.

അധികമാരുമായും ഇടപഴകാതെ ഒറ്റയ്ക്കാണ് ഇയാൾ കഴിഞ്ഞിരുന്നത്.നായാട്ട് വിദഗ്‌ധനാണിയാളെന്ന് നാട്ടുകാർ പറഞ്ഞു.


റോഡിന് മുകളിൽ വെടിയേറ്റുമരിച്ച സെബാസ്റ്റ്യനും റോഡിന് താഴെ ടോമിയുമാണ് താമസിക്കുന്നത്. 50 മീറ്റർ താഴെയുള്ള വീട്ടുമുറ്റത്തുനിന്നുമാണ് ടോമി നാടൻ തോക്കുപയോഗിച്ച് സെബാസ്റ്റ്യനെ വെടിവെച്ചതെന്ന് പോലീസ് പറഞ്ഞു.കൃത്യം നടത്തിയപാടെ കാട്ടിൽ കയറി രക്ഷപ്പെടുകയായിരുന്നു.വ്യാഴാഴ്ച വൈകുന്നേരം നാലോടെ തിരച്ചിൽ നടത്തിയ നാട്ടുകാർ തോക്കുമായി ഇയാളെ വനത്തിൽ കണ്ടെങ്കിലും ഉൾവനത്തിലേക്ക് കടക്കുകയായിരുന്നു. വനാന്തരങ്ങളിൽ നല്ല പരിചയമുള്ള ആയുധധാരിയായ ഇയാളെ പിടിക്കുക എളുപ്പമല്ല. വനത്തിനുളളിൽ ഏഴ് കിലോമീറ്ററിനുള്ളിലെ മുന്താരിയിലും ഇടയ്ക്ക് ഇയാൾ താമസിച്ചിരുന്നു. മദ്യപിച്ച് ബഹളമുണ്ടാക്കുന്ന സ്വഭാവക്കാരനാണിയാളെന്ന് പോലീസ് പറഞ്ഞു. ആരെയും വെല്ലുവിളിക്കുന്നതിനും മടിയില്ല. വനാതിർത്തികളിൽ ഇത്തരത്തിൽ കള്ളത്തോക്ക് സൂക്ഷിക്കുന്നത് കണ്ടെത്തുക ദുഷ്കരമാണ്.

No comments