യുഡിഎഫ് സ്ഥാനാർത്ഥി പിവി സുരേഷ് കാഞ്ഞങ്ങാട് സബ് കലക്ടർ മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു
കാഞ്ഞങ്ങാട്: യുഡിഎഫ് സ്ഥാനാർത്ഥി പി.വി. സുരേഷ് ഇന്നലെ രാവിലെ സ്വന്തം നാടായ മടിയനിൽ നിന്നാണ് പ്രചാരണം ആരംഭിച്ചത്. അയൽ വീടുകളിൽ നിന്നു തുടങ്ങി പ്രദേശത്തെ വോട്ടർമാരെ നേരിട്ട് കണ്ട് വോട്ടഭ്യർത്ഥിച്ചു. പിന്നീട് വീട്ടിൽനിന്ന് അച്ഛനമ്മമാരുടെ അനുഗ്രഹം വാങ്ങി ഇറങ്ങി. നേരെ കുടുംബ ക്ഷേത്രമായ അത്തിക്കൽ തറവാട്ടിൽ പോയി പ്രാർത്ഥിച്ചു. അതിനുശേഷം അതിഞ്ഞാൽ പള്ളിയിയിലെത്തി. യാത്രയ്ക്കിടയിലും വോട്ടർമാരെ കാണാൻ സമയം കണ്ടെത്തി. പിന്നീട് രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി. അവിടെവച്ച് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങളും തന്ത്രങ്ങളും ചർച്ചചെയ്തു. അപ്പോഴേക്കും നാമനിർദേശ പത്രിക നൽകാനുള്ള സമയമായി. മണ്ഡലം മുസ്ലിം ലീഗ് ഓഫീസിലെത്തി യുഡിഎഫ് പ്രവർത്തകരടെ അകമ്പടിയോടെ നാമനിർദേശ പത്രിക സമർപ്പിക്കാൻ ആർ.ഡി.ഒ ഓഫീസിൽ എത്തി. സബ് കലക്ടർ മേഘശ്രീ മുമ്പാകെയാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. ലീഗ് ഓഫീസിൽ നിന്നും ആരംഭിച്ച പ്രവർത്തകരുടെ കൂട്ടായ്മയായാണ് പുറപ്പെട്ടത്. രാജ്മോഹൻ ഉണ്ണിത്താൻ എം.പി, എം. പി. ജാഫർ, അഡ്വ. എൻ എ. ഖാലിദ്, ധന്യാ സുരേഷ്,എ. സി. എ ലത്തീഫ്, ഡി. വി. ബാലകൃഷ്ണൻ, കെ. കരുണാകരൻ നായർ, സി .വി. തമ്പാൻ, മുബാറക് ഹസൈനാർ ഹാജി, കൂക്കൾ ബാലകൃഷ്ണൻ, എം.അസിനാർ തുടങ്ങിയവർ നേതൃത്വംനൽകി. പത്രികാ സമർപ്പണ സമയത്ത് രാജ്മോഹൻ ഉണ്ണിത്താൻ എം പി യും നിയോജകമണ്ഡലം യുഡിഎഫ് ചെയർമാൻ എം പി ജാഫറുമാണ് സുരേഷിൻ്റെ കൂടെയുണ്ടായിരുന്നത്. പത്രിക സമർപ്പണത്തിനു ശേഷം യുഡിഎഫിനെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടന ചടങ്ങ് നടന്നു. കെ.പി.സി.സി വൈസ് പ്രസിഡണ്ട് അഡ്വ. സി. കെ. ശ്രീധരനാണ് ഉദ്ഘാടനം ചെയ്തത്. എം. പി. ജാഫർ അധ്യക്ഷത വഹിച്ചു. എം. അസിനാർ, ധന്യ സുരേഷ്, ഡി. വി. ബാലകൃഷ്ണൻ, കെ. കരുണാകരൻ നായർ, സി. വി. തമ്പാൻ, കൂക്കൾ ബാലകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു നാലരയോടെ കാഞ്ഞങ്ങാട് നഗരസഭ, അജാനൂർ പഞ്ചായത്തുകളിൽ തീരദേശ ഹൈവേയിൽ റോഡ് ഷോ നടത്തി. നിരവധി ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ റോഡ് ഷോ നടന്നത്. യു.ഡി.എഫ് ജില്ലാ കൺവീനർ എ. ഗോവിന്ദൻ നായർ, എം.പി. ജാഫർ എന്നിവരും സുരേഷിനൊപ്പം തുറന്ന വാഹനത്തിലുണ്ടായിരുന്നു. മാന്തോപ്പ് മൈതാനി നിന്നും ആരംഭിച്ച റോഡ് ഷോ ചിത്താരിയി ലാണ് സമാപിച്ചത്.
No comments