തെരഞ്ഞെടുപ്പ്: കൂട്ടുപുഴ അതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കി
ഇരിട്ടി: നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കേരള-കര്‍ണാടക അതിര്‍ത്തിയിലെ കൂട്ടുപുഴയില്‍ പൊലീസിെന്റയും എക്സൈസിെന്റയും പരിശോധന കര്‍ശനമാക്കി. തെരഞ്ഞെടുപ്പു ലക്ഷ്യമിട്ടുള്ള ലഹരിവസ്തുകടത്തും കള്ളപ്പണക്കടത്തും തടയുകയെന്ന ലക്ഷ്യത്തോടെയാണ് അതിര്‍ത്തിയില്‍ ഇരു സേനകളുടെയും നേതൃത്വത്തില്‍ 24 മണിക്കൂറും പൊലീസും എക്സൈസും നിയന്ത്രണവും പരിശോധനയും കര്‍ശനമാക്കിയത്.
കൂട്ടുപുഴ പാലത്തിന് സമീപം പൊലീസും കിളിയന്തറ എക്സൈസ് ചെക്പോസ്റ്റില്‍ എക്സൈസ് വകുപ്പുമാണ് പരിശോധന കര്‍ശനമാക്കിയത്.മാക്കൂട്ടത്ത് കര്‍ണാടക കോവിഡ് നിയന്ത്രണം കര്‍ശനമാക്കിയതോടെ അതിര്‍ത്തി കടന്നുള്ള വാഹനങ്ങളുടെ എണ്ണം ഗണ്യമായി കുറയുകയും പൊതുഗതാഗതം ഭാഗികമായി നിലക്കുകയും ചെയ്തിട്ടുണ്ട്.കേരളത്തിലേക്ക് വരുന്നതില്‍ പ്രത്യേക നിയന്ത്രണം ഒന്നുമില്ലെങ്കിലും മാക്കൂട്ടം അതിര്‍ത്തിയിലെ നിയന്ത്രണം കാരണമാണ് ചുരം പാത വഴിയുള്ള യാത്രക്കാരുടെ വരവ് നിലച്ചത്. കര്‍ണാടകയില്‍നിന്ന് മാക്കൂട്ടം അതിര്‍ത്തി കടന്ന് കേരളത്തിലേക്ക് വരുന്ന എല്ലാ വാഹനങ്ങളും പൂര്‍ണ പരിശോധനക്ക് വിധേയമാക്കിയ ശേഷമാണ് കൂട്ടുപുഴ അതിര്‍ത്തി കടന്ന് കേരളത്തിലേക്ക് കടത്തിവിടുന്നത്. തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ കര്‍ശന പരിശോധന തുടരുമെന്ന് പൊലീസ്, എക്സൈസ് അധികൃതര്‍ പറഞ്ഞു.

No comments