Breaking News

ന്യൂസ് ലെറ്റര്‍ ബിസിനസില്‍ കണ്ണുവച്ച് ഫേസ്ബുക്ക്, സ്വതന്ത്ര എഴുത്തുകാര്‍ക്ക് കാശുണ്ടാക്കാന്‍ പുത്തന്‍ വഴികൾ

സ്വതന്ത്ര എഴുത്തുകാര്‍ക്ക് വെബ്സൈറ്റുകളിലൂടെയും ഇമെയില്‍ ന്യൂസ് ലെറ്ററുകളിലൂടെയും പ്രേക്ഷകരുമായി ഇടപഴകാന്‍ അനുവദിക്കുന്നതിനായി പുതിയ പ്ലാറ്റ്‌ഫോം ആരംഭിക്കുമെന്ന് ഫേസ്ബുക്ക് ചൊവ്വാഴ്ച അറിയിച്ചു. പ്ലാറ്റ്‌ഫോം വരും മാസങ്ങളില്‍ യു എസില്‍ ലഭ്യമാക്കും. സ്വതന്ത്ര എഴുത്തുകാരുടെ ചെറിയ സബ്‌സെറ്റുമായുള്ള പങ്കാളിത്തത്തിലൂടെയാണ് ഫേസ്ബുക്ക് തുടക്കത്തില്‍ പ്ലാറ്റ്‌ഫോം വാഗ്ദാനം ചെയ്യുന്നത്. ഇതുവഴി എഴുത്തുകാര്‍ക്ക് വിവിധ ഉപകരണങ്ങളിലൂടെ ധന സമ്പാദനം നടത്താന്‍ കഴിയും.


സ്വതന്ത്ര എഴുത്തുകാരുടെയും കണ്ടന്റ് ക്രിയേറ്റേഴ്‌സിന്റെയും സാധ്യതകള്‍ വളര്‍ന്നു കൊണ്ടിരിക്കുകയാണ്. മറ്റുള്ളവര്‍ ചെയ്യുന്ന ജോലിയെ തങ്ങള്‍ പൂര്‍ണ്ണമായി പിന്തുണയ്ക്കുമെന്നും വളര്‍ച്ചയ്ക്കും ധനസമ്പാദനത്തിനും കൂടുതല്‍ വഴികള്‍ നല്‍കാന്‍ കഴിയുമെന്ന് ഉറപ്പു വരുത്തുമെന്നും ഫേസ്ബുക്ക് ഒരു പോസ്റ്റില്‍ പറഞ്ഞു. എല്ലാത്തരം സ്രഷ്ടികളുമായി സഹകരിക്കാന്‍ ആഗ്രഹിക്കുന്നതായും ഫേസ്ബുക്ക് വ്യക്തമാക്കി.


പുതിയ പ്ലാറ്റ്‌ഫോം ഉപയോഗിച്ച്, വെബ്സൈറ്റുകളും ഇമെയില്‍ ന്യൂസ് ലെറ്ററുകളും സൃഷ്ടിക്കുന്നതിന് സൗജന്യവും സ്വയം പ്രസിദ്ധീകരിക്കുന്നതുമായ ഉപകരണം ഫേസ്ബുക്ക് വാഗ്ദാനം ചെയ്യും. ഇത് ഫേസ്ബുക്ക് പേജുകളുമായി സമന്വയിപ്പിക്കുകയും തത്സമയ വീഡിയോകള്‍, സ്റ്റോറികള്‍, ഫോട്ടോകള്‍ എന്നിവ പോലുള്ള വ്യത്യസ്ത മള്‍ട്ടിമീഡിയ ഫോര്‍മാറ്റുകള്‍ ഉപയോഗിച്ച് പ്രസിദ്ധീകരിക്കാന്‍ അനുവദിക്കുകയും ചെയ്യും. എഴുത്തുകാര്‍ക്ക് ഏറ്റവും മികച്ച ഫേസ്ബുക്ക് ഗ്രൂപ്പുകള്‍ ഉണ്ടാക്കുകയും അവരുടെ കമ്മ്യൂണിറ്റി വികസിപ്പിക്കുകയും ചെയ്യാം.


പുതിയ കണ്ടന്റുകളെയും എഴുത്തുകാരെയും കണ്ടെത്താന്‍ വായനക്കാരെ സഹായിക്കുന്നതിനുള്ള സവിശേഷതകളും ഫേസ്ബുക്ക് വാഗ്ദാനം ചെയ്യുന്ന പുതിയ പ്ലാറ്റ്‌ഫോമിലുണ്ടാകും. മോണറ്റൈസേഷന്‍ ടൂള്‍സ്, കണ്ടന്റ് പെര്‍ഫോമന്‍സ് പരിശോധിക്കുന്നതിനുള്ള സ്ഥിതിവിവരക്കണക്കുകള്‍, സ്രഷ്ടാക്കളെ സഹായിക്കുന്നതിനുള്ള ആക്സിലറേറ്റര്‍ സേവനങ്ങള്‍ എന്നിവയാണ് മറ്റ് സവിശേഷതകള്‍.

No comments