Breaking News

പതിനാറുകാരിയെ രഹസ്യമായി ഒപ്പം താമസിപ്പിച്ച ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ


 


കട്ടപ്പന: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ രഹസ്യമായി ഒപ്പം താമസിപ്പിച്ചിരുന്ന ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍ ആയി. ജാര്‍ഖണ്ഡ് സ്വദേശി സോനാലാല്‍(20) ആണ് അറസ്റ്റിലായത്. പതിനാറുകാരിയായ പെണ്‍കുട്ടിക്കൊപ്പമാണ് നെടുങ്കണ്ടത്തിന് സമീപത്തെ ഏലത്തോട്ടത്തില്‍ ഇയാൾ താമസിച്ചിരുന്നത്. ഇരുവരും ജാര്‍ഖണ്ഡ് സ്വദേശികളാണ്. നെടുങ്കണ്ടത്തെ ഏലത്തോട്ടത്തിൽ ജോലിക്ക് എത്തിയതായിരുന്നു സോനാലാൽ. ഇയാൾ ജാർഖണ്ഡിൽനിന്ന് പോരുമ്പോൾ പെൺകുട്ടിയെയും ഒപ്പം കൂട്ടിയിരുന്നു.
ഇരുവരും നാട്ടിൽനിന്ന് ഒളിച്ചോടുകയായിരുന്നുവെന്നാണ് വിവരം. പെൺകുട്ടിക്ക് പനി പിടിച്ചതിനെ തുടർന്ന് ശനിയാഴ്ച രണ്ടുപേരും നെടുങ്കണ്ടത്തെ താലൂക്ക് ആശുപത്രിയില്‍ എത്തിയിരുന്നു. പരിശോധനയ്ക്കിടെ സംശയം തോന്നിയ ആശുപത്രി അധികൃതർ, പെൺകുട്ടിയിൽ നിന്ന് വിവരങ്ങൾ ചോദിച്ച് അറിയുകയായിരുന്നു. ഇതേതുടർന്ന് ആശുപത്രി അധികൃതര്‍ നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടിക്ക് 16 വയസ്സാണെന്ന് കണ്ടെത്തി.
ഇതേത്തുടർന്ന് നെടുങ്കണ്ടം പോലീസ് സ്റ്റേഷനിൽ വിളിച്ച് ആശുപത്രി അധികൃതർ വിവരം നല്‍കി. പൊലീസിനെ വിളിപ്പിച്ച ശേഷം പെൺകുട്ടിയെയും യുവാവിനെയും ഒരു മുറിയിൽ ഇരുത്തിയിരുന്നു. എന്നാൽ അതിനിടെ ഇവര്‍ ആശുപത്രിയില്‍നിന്ന് കടന്നുകളഞ്ഞു. തിരികെ ജാര്‍ഖണ്ഡിലേക്ക് മടങ്ങാന്‍ ശ്രമിക്കുന്നതിനിടെ എറണാകുളത്തുനിന്ന് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. യുവാവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിയെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

No comments