Breaking News

പാലക്കുന്ന് ഭരണി മഹോത്സവം ഇത്തവണ ദേവീപ്രതീകമായ ഭരണിക്കുഞ്ഞിയാവാൻ വൈഗ മോൾ


ബേക്കൽ:  പാലക്കുന്ന് കഴകം ഭഗവതീ ക്ഷേത്രം  ഈ വർഷത്തെ ഭരണി മഹോൽസവ ചടങ്ങുകളിൽ ദേവീ പ്രതീകമാവാൻ ഒരുങ്ങി ആറാം വയസ്സുകാരി വൈഗ. ഭരണി കുറിക്കൽ ദിവസം കൂടിയായ ഇന്ന് (9 ന് ) ഉച്ചയോടെ ആചാര സ്ഥാനികരുടെ  കാർമ്മികത്വത്തിൽ വൈഗയെ ഭരണി കുഞ്ഞിയായി വാഴിക്കും. ക്ഷേത്ര  ഭണ്ഡാരവീട് പടിഞ്ഞാറ്റയിൽ ഇരുത്തി അരിയും , പ്രസാദവുമിട്ട് വാഴിക്കുന്ന  ചടങ്ങിന് ക്ഷേത്രഭാരവാഹികൾ,  പ്രാദേശിക പ്രതിനിധികൾ അടക്കമുള്ള വിശ്വാസികൾ സാക്ഷിയാകും. ചടങ്ങിനുമുമ്പ് തറയിലച്ചൻമാർ വീട്ടിലെത്തി നിയുക്ത ഭരണി കുഞ്ഞിനേയും ആനയിച്ച് ക്ഷേത്രസന്നിധിയിൽ എത്തണം. അഞ്ച് ദിവസങ്ങൾ നീണ്ടു നിൽക്കുന്ന മഹോൽസവ ചടങ്ങുകളിൽ അങ്ങോളമിങ്ങോളം ഭരണികുഞ്ഞ് ദേവീ സങ്കൽപ്പമായി  ക്ഷേത്രാങ്കണത്തിൽ നിറഞ്ഞു നിൽക്കും.

കുറുംബാ ഭഗവതീ ക്ഷേത്രങ്ങളിൽ പൊതുവെ ഭരണി ഉൽസവങ്ങൾ നടക്കാറുള്ളത് മീനമാസത്തിലാണ്. എന്നാൽ പാലക്കുന്ന് ക്ഷേത്രത്തില്‍ ഇത് കുംഭത്തിലാണ്.  തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തില്‍ കുംഭത്തിലെ പഞ്ചമി നാളിലാണ് ഉൽസവ കൊടിയേറ്റം. ദേശാധിപനായ തൃക്കണ്ണാടപ്പന്റെ ആറാട്ട് മഹോത്സവത്തിന്റെ അനുബന്ധമായാണ് പാലക്കുന്ന് ഭരണി മഹോൽസവം നടക്കേണ്ടത്. ആറാട്ട് കൊടിയിറക്കം കഴിഞ്ഞാൽ പാലക്കുന്നില്‍ ഭരണി മഹോത്സവ കൊടിയേറ്റം നടക്കണം. ദേവിയുടെ ജന്മ നക്ഷത്രമായ ഭരണിനാളില്‍ ജനിച്ച ബാലികയെ ദേവിയുടെ പ്രതീകമായി വാഴിക്കുന്നതോടെ മീനമാസത്തിലെ ഭരണി കുംഭത്തിലാവുന്ന പ്രശ്നത്തിന് പരിഹാരമാവുമെന്ന് സങ്കൽപ്പം.


 കഴക പരിധിയിൽ വരുന്ന 10 വയസ്സിന് താഴെയുള്ള  പെൺകുട്ടികളെയാണ് ഭരണികുഞ്ഞിനായി തെരഞ്ഞെടുക്കുന്നത്. എരോൽ പനയംതോട്ടം കെ.വിശാലാക്ഷൻ, ബീന ദമ്പതികളുടെ മകളായ വി.ബി. വൈഗ  കരിപ്പോടി എ.എൽ.പി.സ്കൂൾ വിദ്യാർത്ഥിനിയാണ്.

No comments